ഒരു മണിക്കൂറിൽ പെയ്തത് ഒരു ദിവസത്തെ മഴ; തിരുവനന്തപുരത്തെ വെള്ളക്കെട്ടിന് കാരണം അതിതീവ്ര മഴയെന്ന് മേയർ

ഒരു ദിവസം ലഭിക്കേണ്ട മഴ ഒരു മണിക്കൂറിനുള്ളിൽ പെയ്തിറങ്ങിയതാണ് തിരുവനന്തപുരത്തെ വെള്ളക്കെട്ടിന് കാരണമായതെന്ന് മേയർ വി.വി. രാജേഷ്. വെള്ളക്കെട്ട് ബാധിച്ച പ്രദേശങ്ങൾ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വെള്ളക്കെട്ടുമായി ബന്ധപ്പെട്ട് കോർപറേഷൻ ജീവനക്കാരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായതായി കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും മേയർ വ്യക്തമാക്കി.

നഗരത്തിൽ ഇന്നലെ ഒമ്പത് മുതൽ പത്ത് സെന്റീമീറ്റർ വരെ മഴ ലഭിച്ചു. ചില പ്രദേശങ്ങളിൽ അരമണിക്കൂറിനുള്ളിൽ 68 മില്ലിമീറ്റർ മഴ രേഖപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. ശക്തമായ മഴയിൽ മാലിന്യങ്ങൾ ഓടകളിൽ അടിഞ്ഞുകൂടിയതും വെള്ളക്കെട്ടിന് കാരണമായിട്ടുണ്ട്.

റോഡ് നിർമാണത്തിലെ അപാകതകളും ഓടകളുടെ വീതിക്കുറവും പരിശോധിക്കേണ്ടതുണ്ടെന്നും മേയർ ചൂണ്ടിക്കാട്ടി. വെള്ളപ്പൊക്ക സാധ്യതയുള്ള തിരുവനന്തപുരത്തെപ്പോലൊരു നഗരത്തിൽ മഴവെള്ളം വേഗത്തിൽ ഒഴുകിപ്പോകാൻ ആവശ്യമായ വീതിയുള്ള ഓടകൾ വേണം. എന്നാൽ നിലവിൽ പല ഓടകൾക്കും വീതിക്കുറവുണ്ടെന്നും ചെറിയ ഗ്രില്ലുകളാണ് സ്ഥാപിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വെള്ളക്കെട്ടിനെ തുടർന്ന് നഗരത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഓടകളിൽ അടിഞ്ഞുകൂടിയ മണ്ണും മാലിന്യങ്ങളും നീക്കം ചെയ്യുന്ന ജോലികളും പുരോഗമിക്കുകയാണ്.

മറുപടി രേഖപ്പെടുത്തുക