‘850 സീറ്റ്’ ഇന്ത്യൻ ജനാധിപത്യത്തെ ഇല്ലാതാക്കും; മണ്ഡല പുനർനിർണയ നീക്കത്തിനെതിരെ രാഹുൽ ഗാന്ധി

മണ്ഡല പുനർനിർണയത്തെച്ചൊല്ലി കേന്ദ്രസർക്കാരിനും ബിജെപിക്കുമെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്യത്ത് ഉയർന്നുവരുന്ന വിവാദങ്ങളിൽനിന്ന് ശ്രദ്ധ തിരിക്കാനുള്ള ബിജെപിയുടെ പുതിയ നീക്കമാണ് മണ്ഡല പുനർനിർണയമെന്ന് അദ്ദേഹം ആരോപിച്ചു. വനിതാ സംവരണ ബിൽ നേരത്തെ തന്നെ പാസാക്കിയതാണെന്നും സർക്കാർ ആഗ്രഹിച്ചാൽ നാളെ മുതൽ തന്നെ അത് നടപ്പാക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ, വളഞ്ഞ വഴിയിലൂടെ അധികാരം ഉറപ്പിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.

‘850 സീറ്റ്’ എന്ന സംഖ്യ ഇന്ത്യയിലെ ജനാധിപത്യത്തെ ഇല്ലാതാക്കുന്നതിന്റെ സൂചനയാണെന്നും രാജ്യത്തെ യുവാക്കൾ ഈ സംഖ്യ ഓർത്തിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. വാർത്താസമ്മേളനത്തിലായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം.

മണ്ഡല പുനർനിർണയം ബിജെപിക്ക് അനുകൂലമായ രീതിയിൽ നടപ്പാക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. പുനർനിർണയ നടപടികൾക്ക് നേതൃത്വം നൽകുന്നത് ആരാണെന്ന ചോദ്യമുയർത്തിയ രാഹുൽ ഗാന്ധി, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവർ തിരഞ്ഞെടുക്കുന്ന മുൻ സുപ്രീംകോടതി ജഡ്ജി, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രതിനിധി എന്നിവരടങ്ങുന്ന സംവിധാനത്തെയാണ് വിമർശിച്ചത്. ഇവരെല്ലാം സർക്കാരിന്റെ താൽപര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്നവരാണെന്നും അദ്ദേഹം ആരോപിച്ചു.

പിന്നാക്ക വിഭാഗങ്ങൾക്കുള്ള സംവരണ സീറ്റുകൾ ഉൾപ്പെടെ അടുത്ത 40 വർഷത്തേക്ക് മരവിപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഗ്യാനേഷ് കുമാറിനെതിരെയും രൂക്ഷ വിമർശനം ഉന്നയിച്ച അദ്ദേഹം, ഈ നീക്കം നടപ്പായാൽ അടുത്ത നാല് പതിറ്റാണ്ടോളം സാമൂഹിക നീതി എന്ന ആശയം തന്നെ അവഗണിക്കപ്പെടുന്ന സാഹചര്യമുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകി.

ഇന്ത്യൻ ജനാധിപത്യത്തിന്റെ അടിത്തറ തകർക്കാനും രാജ്യത്തെ ഏകാധിപത്യത്തിലേക്ക് നയിക്കാനുമുള്ള ശ്രമമാണിതെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. 2024ലെ തിരഞ്ഞെടുപ്പ് വിജയം വ്യാജ വോട്ടിന്റെ അടിസ്ഥാനത്തിലായിരുന്നുവെന്ന ആരോപണവും അദ്ദേഹം ആവർത്തിച്ചു. രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ ഇല്ലാതാക്കാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നതെന്ന മുന്നറിയിപ്പ് എൻഡിഎ ഘടകകക്ഷികൾക്കും നൽകുന്നതായും അദ്ദേഹം വ്യക്തമാക്കി.

മറുപടി രേഖപ്പെടുത്തുക