ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിൽ മാവോയിസ്റ്റുകൾ ഒളിപ്പിച്ചുവെച്ചിരുന്ന വൻതോതിലുള്ള സ്വർണവും പണവും സുരക്ഷാസേന പിടിച്ചെടുത്തു. 3.84 കിലോഗ്രാം ഭാരമുള്ള 33 സ്വർണ ബിസ്ക്കറ്റുകളും 24 ലക്ഷം രൂപയുമാണ് പരിശോധനയിൽ കണ്ടെത്തിയത്. പിടിച്ചെടുത്ത സ്വത്തിന്റെ ആകെ മൂല്യം ഏകദേശം 4.53 കോടി രൂപ വരുമെന്നാണ് കണക്കാക്കുന്നത്.
ഇന്ദ്രാവതി നദിക്ക് സമീപമുള്ള വനമേഖലയിൽ മാവോയിസ്റ്റുകൾ ആയുധങ്ങളും പണവും ഒളിപ്പിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് സുരക്ഷാസേന തിരച്ചിൽ ആരംഭിച്ചത്. ബൈരംഗഡ് പോലീസും ജില്ലാ റിസർവ് ഗാർഡ് (ഡിആർജി) സേനയും സംയുക്തമായി കഴിഞ്ഞ രണ്ട് ദിവസമായി പ്രദേശത്ത് പരിശോധന നടത്തിവരികയായിരുന്നു.
വനമേഖലയിലെ സംശയാസ്പദമായ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് മാവോയിസ്റ്റുകൾ മണ്ണിനടിയിൽ ഒളിപ്പിച്ചിരുന്ന കുഴിബോംബ് കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ കുഴിബോംബിനുള്ളിൽ സൂക്ഷിച്ചിരുന്ന സ്വർണ ബിസ്ക്കറ്റുകളും പണവും കണ്ടെത്തുകയായിരുന്നു.
ഓപ്പറേഷൻ വിജയകരമായതിനു പിന്നാലെ ബിജാപൂർ ജില്ലാ പോലീസ് സൂപ്രണ്ട് പിടിച്ചെടുത്ത സ്വർണവും പണവും മാധ്യമങ്ങൾക്കു മുന്നിൽ പ്രദർശിപ്പിച്ചു. മാവോയിസ്റ്റുകളുടെ സാമ്പത്തിക ശൃംഖലയ്ക്ക് വലിയ തിരിച്ചടിയാണ് ഈ നടപടിയെന്ന് ഉദ്യോഗസ്ഥർ വിലയിരുത്തി. മേഖലയിൽ കൂടുതൽ സമാനമായ ഒളിപ്പിച്ച ശേഖരങ്ങളുണ്ടോയെന്ന് കണ്ടെത്തുന്നതിനായി സുരക്ഷാസേനയുടെ പരിശോധന തുടരുകയാണ്.
