തണുപ്പുകാലത്ത് ഫോൺ ബാറ്ററി പെട്ടെന്ന് തീരുന്നുണ്ടോ? ബാറ്ററി സംരക്ഷിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

ശൈത്യകാലത്ത് അതിരാവിലെ പുറത്തിറങ്ങുമ്പോഴോ തണുപ്പുള്ള പ്രദേശങ്ങളിലൂടെ യാത്ര ചെയ്യുമ്പോഴോ ഫോണിന്റെ ബാറ്ററി വേഗത്തിൽ കുറയുന്നതും മുന്നറിയിപ്പില്ലാതെ ഫോൺ സ്വിച്ച് ഓഫാകുന്നതും പതിവാണ്. സ്മാർട്ട്‌ഫോണുകൾ, സ്മാർട്ട് വാച്ചുകൾ, ഇയർബഡുകൾ, പവർ ബാങ്കുകൾ എന്നിവയിൽ ഉപയോഗിക്കുന്ന ലിഥിയം-അയൺ ബാറ്ററികളുടെ രാസപ്രവർത്തനങ്ങൾ തണുത്ത കാലാവസ്ഥയിൽ മന്ദഗതിയിലാകുന്നതാണ് ഇതിന് പ്രധാന കാരണം.

തണുപ്പ് കാരണം ബാറ്ററിയിലെ വോൾട്ടേജ് കുറയുന്നതോടെ ചാർജ് തീർന്നതായി തിരിച്ചറിയുന്ന ഉപകരണം തനിയെ ഓഫാകാം. സാധാരണ താപനിലയിലേക്ക് മടങ്ങുമ്പോൾ ബാറ്ററിയുടെ പ്രവർത്തനം മെച്ചപ്പെടാറുണ്ടെങ്കിലും പൂജ്യം ഡിഗ്രി സെൽഷ്യസിൽ താഴെയുള്ള സാഹചര്യങ്ങളിൽ ബാറ്ററി ചാർജ് ചെയ്യുന്നത് സ്ഥിരമായ തകരാറുകൾക്കും ബാറ്ററിയുടെ ആയുസ്സ് കുറയുന്നതിനും കാരണമാകാം.

ഫോൺ ബാറ്ററി സംരക്ഷിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

തണുപ്പുകാല യാത്രകളിൽ ഫോണും പവർ ബാങ്കും ശരീരത്തോട് ചേർന്നുള്ള ജാക്കറ്റിന്റെ അകത്തെ പോക്കറ്റിൽ സൂക്ഷിക്കുന്നതാണ് ഉചിതം. ബാഗിലോ പുറത്തെ പോക്കറ്റിലോ സൂക്ഷിക്കുന്നതിനേക്കാൾ ഇത്തരത്തിൽ വയ്ക്കുന്നത് ഉപകരണങ്ങളുടെ താപനില നിലനിർത്താൻ സഹായിക്കും.

ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ ഫോണിനെ ഹാൻഡിൽബാറിൽ ഘടിപ്പിക്കുന്നത് ഒഴിവാക്കണം. നേരിട്ട് തണുത്ത കാറ്റേൽക്കുന്നത് ബാറ്ററിയുടെ പ്രവർത്തനത്തെ ബാധിച്ചേക്കാം. അതുപോലെ തണുത്ത അന്തരീക്ഷത്തിൽനിന്ന് എത്തിയ ഉടൻ ഫോൺ ഹീറ്ററിനോ ചൂടുകാറ്റിനോ സമീപം വയ്ക്കരുത്. സ്വാഭാവികമായി മുറിയിലെ താപനിലയിലേക്ക് എത്താൻ അനുവദിക്കുകയാണ് വേണ്ടത്.

തണുത്ത അന്തരീക്ഷത്തിൽനിന്ന് പെട്ടെന്ന് ചൂടുള്ള മുറിയിലേക്ക് പ്രവേശിക്കുമ്പോൾ ഫോണിനുള്ളിൽ ഈർപ്പം രൂപപ്പെടാനുള്ള സാധ്യതയുമുണ്ട്. അതിനാൽ ഉപകരണങ്ങൾ കൈകാര്യം ചെയ്യുമ്പോൾ പ്രത്യേക ശ്രദ്ധ വേണം.

ബാറ്ററി ചാർജ് നിലനിർത്താൻ ചില എളുപ്പവഴികൾ

യാത്രയ്ക്കിടെ ബാറ്ററി വേഗത്തിൽ തീരുന്നത് ഒഴിവാക്കാൻ ബാറ്ററി സേവർ മോഡ് പ്രവർത്തനക്ഷമമാക്കാം. സ്ക്രീൻ ബ്രൈറ്റ്നസ് കുറയ്ക്കുന്നതും അനാവശ്യമായ ആപ്പുകളുടെ പ്രവർത്തനം നിയന്ത്രിക്കുന്നതും ചാർജ് നിലനിർത്താൻ സഹായിക്കും. ടച്ച്‌സ്‌ക്രീൻ ഉപയോഗിക്കാൻ കഴിയുന്ന വിന്റർ ഗ്ലൗസുകളും കൂടുതൽ ബാറ്ററി ശേഷിയുള്ള ഫോണുകളും ദീർഘനേരം ബാറ്ററി ലൈഫ് നൽകുന്ന സ്മാർട്ട് വാച്ചുകളും തണുപ്പുകാല യാത്രകളിൽ പ്രയോജനകരമാണ്.

അതേസമയം, സാധാരണ താപനിലയിലും ഫോണിന്റെ ബാറ്ററി പെട്ടെന്ന് തീരുന്നുണ്ടെങ്കിൽ ബാറ്ററിയുടെ പഴക്കം പരിശോധിക്കണം. ബാറ്ററി ഹെൽത്ത് 80 ശതമാനത്തിൽ താഴെയാണെങ്കിൽ അംഗീകൃത സർവീസ് സെന്ററിന്റെ സഹായത്തോടെ ബാറ്ററി മാറ്റുന്നത് പരിഗണിക്കാം.

തണുപ്പുകാല യാത്രകളിൽ ഫോൺ പെട്ടെന്ന് ഓഫാകുന്നത് അടിയന്തര ആശയവിനിമയത്തെയും നാവിഗേഷൻ സംവിധാനങ്ങളെയും ബാധിച്ചേക്കാം. അതിനാൽ ചെറിയ മുൻകരുതലുകൾ സ്വീകരിക്കുന്നതിലൂടെ ഉപകരണങ്ങളുടെ പ്രവർത്തനക്ഷമതയും ബാറ്ററിയുടെ ആയുസ്സും ഒരു പരിധിവരെ സംരക്ഷിക്കാനാകും.

മറുപടി രേഖപ്പെടുത്തുക