പ്രിയദർശിനി പദ്ധതിയുടെ 100-ാം ദിനം; സൗജന്യ സാരി വിതരണമെന്ന പ്രചാരണം വ്യാജമെന്ന് കെഎസ്ആർടിസി

പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയുടെ നൂറാം ദിനാഘോഷത്തോടനുബന്ധിച്ച് കെഎസ്ആർടിസി ഡിപ്പോകളിൽ സ്ത്രീകൾക്ക് സൗജന്യമായി സാരി വിതരണം ചെയ്യുമെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത വ്യാജമാണെന്ന് കെഎസ്ആർടിസി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. പി.എസ്. പ്രമോജ് ശങ്കർ വ്യക്തമാക്കി.

എല്ലാ കെഎസ്ആർടിസി ഡിപ്പോകളിലും സെപ്റ്റംബർ 22ന് സ്ത്രീകൾക്ക് സാരി വിതരണം നടത്തുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും അത്തരമൊരു പരിപാടി കെഎസ്ആർടിസിയുടെ ഭാഗത്തുനിന്ന് പ്രഖ്യാപിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.

പ്രിയദർശിനി പദ്ധതിയുടെ നൂറാം ദിനാഘോഷത്തിന്റെ ഭാഗമായി ചൊവ്വാഴ്ച രാവിലെ തമ്പാനൂർ ഡിപ്പോയിൽ ഗതാഗതമന്ത്രി സി.പി. ജോൺ സന്ദർശനം നടത്തും. ആഘോഷങ്ങളുടെ ഭാഗമായി ജീവനക്കാർ യാത്രക്കാർക്ക് മധുരം വിതരണം ചെയ്യുമെന്നും അധികൃതർ അറിയിച്ചു.

അതേ ദിവസം വൈകുന്നേരം തമ്പാനൂർ ചൈത്രം ഹോട്ടലിൽ നടക്കുന്ന പ്രത്യേക ചടങ്ങിൽ കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ ലക്ഷദ്വീപ്, ഹൈദരാബാദ് ലക്ഷ്വറി പാക്കേജ് സർവീസുകളുടെ ഉദ്ഘാടനം ഗതാഗതമന്ത്രി നിർവഹിക്കും. ബജറ്റ് ടൂറിസത്തിനായി വികസിപ്പിച്ച പുതിയ സോഫ്റ്റ്‌വെയറും ടിക്കറ്റ് റിസർവേഷനിലെ വെയിറ്റിംഗ് ലിസ്റ്റ് സംവിധാനവും ചടങ്ങിൽ അവതരിപ്പിക്കും.

പുതിയ സംവിധാനത്തിലൂടെ ബജറ്റ് ടൂറിസം പാക്കേജുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ സാധിക്കും. കൂടാതെ റെയിൽവേ മാതൃകയിൽ വെയിറ്റിംഗ് ലിസ്റ്റ് സൗകര്യവും ലഭ്യമാകും. ലക്ഷദ്വീപ് യാത്രയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ പത്ത് യാത്രക്കാരെയും മികച്ച പ്രകടനം കാഴ്ചവെച്ച ജീവനക്കാരെയും ചടങ്ങിൽ ആദരിക്കുമെന്നും കെഎസ്ആർടിസി അറിയിച്ചു.

മറുപടി രേഖപ്പെടുത്തുക