പുലിക്കളി സംഘങ്ങള്‍ക്ക് കേന്ദ്ര ധനസഹായം; മൂന്ന് ലക്ഷം രൂപ വരെ അനുവദിച്ചതായി സുരേഷ് ഗോപി

തൃശൂരിന്റെ സാംസ്‌കാരിക പൈതൃകത്തിന്റെ ഭാഗമായ പുലിക്കളി സംഘങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ ധനസഹായം അനുവദിച്ചതായി കേന്ദ്ര ടൂറിസം വകുപ്പിന്റെ പദ്ധതിയുടെ ഭാഗമായി പ്രഖ്യാപനം. കഴിഞ്ഞ ഓണക്കാലത്ത് കേന്ദ്ര മന്ത്രിയും തൃശൂര്‍ എംപിയുമായ സുരേഷ് ഗോപി പുലിക്കളി സംഘങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ചിരുന്നുവെങ്കിലും, ഫണ്ട് വിതരണം വൈകിയതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. മൂന്ന് ലക്ഷം രൂപ വരെയാണ് ഓരോ സംഘത്തിനും ധനസഹായമായി ലഭിക്കുക.

ധനസഹായം അനുവദിച്ചതിന്റെ വിവരം സുരേഷ് ഗോപി തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് പങ്കുവെച്ചത്. പദ്ധതിയുടെ മാര്‍ഗനിര്‍ദ്ദേശങ്ങളും നടപടിക്രമങ്ങളും കൃത്യമായി പാലിക്കപ്പെടാത്തതാണ് ഫണ്ട് ലഭ്യമാകുന്നതില്‍ കാലതാമസം നേരിടാന്‍ കാരണമായതെന്ന് അദ്ദേഹം വ്യക്തമാക്കി.

ഭാവിയില്‍ ഇത്തരം പദ്ധതികളില്‍ കര്‍ശനമായ മാനദണ്ഡങ്ങള്‍ പാലിക്കുമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ഉറപ്പിന്റെയും അണ്ടര്‍ടേക്കിങ്ങിന്റെയും അടിസ്ഥാനത്തിലാണ് ഫണ്ട് പൂര്‍ണമായും അനുവദിച്ചതെന്ന് സുരേഷ് ഗോപി അറിയിച്ചു. ഈ സഹായം പുലിക്കളിയുടെ വര്‍ണപ്പകിട്ട് കൂടുതല്‍ വര്‍ധിപ്പിക്കാനും കേരളത്തിന്റെ തനത് സാംസ്‌കാരിക പാരമ്പര്യം ലോകത്തിന് മുന്നില്‍ കൂടുതല്‍ ശക്തമായി അവതരിപ്പിക്കാനും സഹായകരമാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

തൃശൂരിന്റെ സാംസ്‌കാരിക നഗരമെന്ന അഭിമാനത്തിന്റെ പ്രതീകമാണ് പുലിക്കളിയെന്നും, ഈ കലാരൂപത്തെ സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും താന്‍ എപ്പോഴും ഒപ്പമുണ്ടാകുമെന്നും സുരേഷ് ഗോപി കുറിച്ചു.

തൃശൂരിന്റെ സാംസ്‌കാരിക പെരുമയ്ക്കും പുലിക്കളി എന്ന ജനകീയ കലാരൂപത്തിനും യാതൊരു തടസ്സവും ഉണ്ടാകരുതെന്ന ആഗ്രഹത്തോടെയാണ് ഈ വിഷയത്തെ പ്രത്യേക കേസായി പരിഗണിച്ച് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി നേടിയെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

മറുപടി രേഖപ്പെടുത്തുക