ഐഎഎസ് ഉദ്യോഗസ്ഥനും നിയമത്തിന് അതീതനല്ല; കോടതി ഉത്തരവ് ലംഘിച്ചു; തെലങ്കാനയിൽ ജില്ലാ കളക്ടർക്ക് തടവുശിക്ഷ

കോടതി ഉത്തരവുകൾ പാലിക്കാത്തതിന് തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലാ കളക്ടർ സി. നാരായണ റെഡ്ഡിക്ക് ആറ് മാസം ലളിതമായ തടവുശിക്ഷ വിധിച്ച് ഹൈക്കോടതി. 2,000 രൂപ പിഴയും അടയ്ക്കണം. ജസ്റ്റിസ് കെ. ലക്ഷ്മൺ അധ്യക്ഷനായ ബെഞ്ചാണ് കോടതിയലക്ഷ്യക്കേസിൽ ഉത്തരവ് പുറപ്പെടുവിച്ചത്. അതേസമയം, അപ്പീൽ നൽകാനുള്ള അവസരം പരിഗണിച്ച് ശിക്ഷ നടപ്പാക്കുന്നത് നാലാഴ്ചത്തേക്ക് സ്റ്റേ ചെയ്തു.

1908ലെ രജിസ്ട്രേഷൻ ആക്ടിലെ സെക്ഷൻ 22-എ പ്രകാരം നിരോധിത സ്വത്തുക്കളുടെ പട്ടികയിൽ ഉൾപ്പെടുത്തിയ ചില ഭൂമിയുടെ പ്ലോട്ടുകൾ ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് ഹർജിക്കാർ നേരത്തെ ഹൈക്കോടതിയെ സമീപിച്ചത്. 2025 ഓഗസ്റ്റിൽ ഹർജി പരിശോധിച്ച് 60 ദിവസത്തിനകം തീരുമാനമെടുക്കാൻ ജില്ലാ കളക്ടർക്ക് കോടതി നിർദേശം നൽകിയിരുന്നു.

എന്നാൽ നിശ്ചിത സമയപരിധി കഴിഞ്ഞിട്ടും കളക്ടർ നടപടിയെടുത്തില്ല. ഇതേത്തുടർന്ന് ഹർജിക്കാർ 2025 ഒക്ടോബർ 15ന് കോടതിയലക്ഷ്യ ഹർജി സമർപ്പിച്ചു. ഇതിന് പിന്നാലെയാണ് അധികൃതർ വിഷയത്തിൽ പ്രതികരിച്ചത്. ഹർജിക്കാർക്ക് നോട്ടീസ് നൽകിയ ശേഷം 2026 ഫെബ്രുവരി 26ന് അപേക്ഷ നിരസിച്ചു. പിന്നീട് ജൂലൈ എട്ടിനും നിരാകരണ ഉത്തരവ് പുറപ്പെടുവിച്ചു.

കോടതി നിർദേശിച്ച സമയപരിധിക്കുള്ളിൽ തീരുമാനമെടുക്കാതിരുന്നതിലും കോടതിയലക്ഷ്യ ഹർജി സമർപ്പിച്ചതിനുശേഷം മാത്രം നടപടികളിലേക്ക് കടന്നതിലും ബെഞ്ച് കടുത്ത അതൃപ്തി രേഖപ്പെടുത്തി. കളക്ടർ മനഃപൂർവം കോടതി ഉത്തരവുകൾ ലംഘിച്ചെന്നാണ് കോടതിയുടെ കണ്ടെത്തൽ. ഐഎഎസ് തലത്തിലുള്ള ഉദ്യോഗസ്ഥൻ പോലും കോടതി ഉത്തരവുകൾ അവഗണിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും വ്യക്തമാക്കിയാണ് ആറ് മാസം തടവുശിക്ഷ വിധിച്ചത്.

മറുപടി രേഖപ്പെടുത്തുക