കോവിഡ് മഹാമാരിക്ക് ശേഷം ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്വ്യവസ്ഥയായി ഇന്ത്യ മാറിയെന്ന് പ്രമുഖ കൺസൾട്ടിംഗ് സ്ഥാപനമായ ഇവൈ. സാമ്പത്തിക വളർച്ചയ്ക്കൊപ്പം ദാരിദ്ര്യവും വരുമാന അസമത്വവും കുറയ്ക്കുന്നതിലും രാജ്യം നേട്ടമുണ്ടാക്കിയതായി ലോകബാങ്കിന്റെ ‘ദാരിദ്ര്യവും സമൃദ്ധിയും ഗ്രഹവും’ എന്ന റിപ്പോർട്ട് ഉദ്ധരിച്ച് ഇവൈ വ്യക്തമാക്കി.
ഇന്ത്യയിലെ ദാരിദ്ര്യനിരക്കിൽ വലിയ കുറവുണ്ടായതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 1977-78 സാമ്പത്തിക വർഷത്തിൽ 59.7 ശതമാനമായിരുന്ന ദാരിദ്ര്യനിരക്ക് 2023-24ൽ 2.6 ശതമാനമായി കുറഞ്ഞു. 1990കളുടെ തുടക്കം മുതൽ നടപ്പാക്കിയ വിപണി അധിഷ്ഠിത സാമ്പത്തിക പരിഷ്കാരങ്ങളും സുസ്ഥിര വളർച്ചയും ദാരിദ്ര്യനിർമാർജനത്തിന് സഹായകമായെന്നും റിപ്പോർട്ട് വിലയിരുത്തുന്നു. ഉപഭോഗ ചെലവുമായി ബന്ധപ്പെട്ട ഗിനി ഗുണകത്തിലെ കുറവും വരുമാന അസമത്വം കുറഞ്ഞതിന്റെ സൂചനയാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
ആഗോള സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും 2026-27 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ യഥാർഥ ജിഡിപി വളർച്ച 7.1 ശതമാനമായിരിക്കുമെന്നാണ് ലോകബാങ്കിന്റെ പ്രവചനം. നടപ്പു സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ കയറ്റുമതി 22.9 ശതമാനം വളർച്ച രേഖപ്പെടുത്തിയപ്പോൾ വ്യാവസായിക ഉൽപ്പാദനത്തിൽ ശരാശരി 7.3 ശതമാനം വളർച്ചയുണ്ടായി. രണ്ടാം പാദത്തിലെ ജിഡിപി വളർച്ച 7.2 മുതൽ എട്ട് ശതമാനം വരെയാകുമെന്നാണ് വിവിധ റേറ്റിംഗ് ഏജൻസികളുടെ വിലയിരുത്തൽ.
അതേസമയം, രാജ്യത്തെ വിലക്കയറ്റം ആശങ്കയുയർത്തുന്നുണ്ട്. ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഒക്ടോബറിൽ 6.1 ശതമാനത്തിലെത്തി. റിസർവ് ബാങ്കിന്റെ ആറ് ശതമാനം പരിധിയും ഇതോടെ മറികടന്നു. മൊത്തവില പണപ്പെരുപ്പം 12.3 ശതമാനമായും ഉയർന്നു.
വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി 2026 ഡിസംബറിലെ പണനയ അവലോകനത്തിൽ റിസർവ് ബാങ്ക് പലിശനിരക്കുകൾ ഉയർത്താൻ സാധ്യതയുണ്ടെന്നും റിപ്പോർട്ട് വിലയിരുത്തുന്നു. സാമ്പത്തിക വളർച്ച ശക്തമായി തുടരുമ്പോഴും പണപ്പെരുപ്പം ഇന്ത്യയ്ക്ക് മുന്നിൽ പ്രധാന വെല്ലുവിളിയായി നിലനിൽക്കുകയാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
