അഫ്ഗാനിസ്ഥാനിൽ സ്ത്രീകളുടെ പേരുകൾ ഔദ്യോഗിക രേഖകളിൽ നിന്ന് നീക്കാൻ താലിബാൻ; പകരം ‘ബീബി’ എന്ന് രേഖപ്പെടുത്താൻ ഉത്തരവ്

അഫ്ഗാനിസ്ഥാനിൽ സ്ത്രീകളുടെ അവകാശങ്ങൾക്കുമേൽ കടുത്ത നിയന്ത്രണങ്ങൾ തുടരുന്നതിനിടെ വിവാദ ഉത്തരവുമായി താലിബാൻ. വടക്കൻ പ്രവിശ്യയായ ബാൽഖിലെ ഔദ്യോഗിക രേഖകളിൽ നിന്ന് സ്ത്രീകളുടെ യഥാർത്ഥ പേരുകൾ നീക്കം ചെയ്യാനാണ് നിർദേശം നൽകിയിരിക്കുന്നത്. മെഡിക്കൽ രേഖകൾ, മരുന്നുകളുടെ കുറിപ്പടികൾ, മറ്റ് സർക്കാർ രേഖകൾ എന്നിവയിൽ സ്ത്രീകളുടെ പേരുകൾക്ക് പകരം ‘ബീബി’ പോലുള്ള പൊതുവായ പദങ്ങൾ ഉപയോഗിക്കണമെന്നാണ് ഉത്തരവ്. അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ബാൽഖ് പ്രവിശ്യയിലെ സർക്കാർ ഓഫീസുകൾ, ആശുപത്രികൾ, ക്ലിനിക്കുകൾ എന്നിവിടങ്ങളിലെ ജീവനക്കാർ ഉത്തരവ് കർശനമായി പാലിക്കണമെന്ന് താലിബാൻ അധികൃതർ നിർദേശിച്ചതായാണ് റിപ്പോർട്ടുകൾ. സ്ത്രീ രോഗികളുടെയും മറ്റ് ഗുണഭോക്താക്കളുടെയും വിവരങ്ങൾ രജിസ്റ്റർ ചെയ്യുമ്പോൾ യഥാർഥ പേരുകൾ ഒഴിവാക്കി ‘ബീബി’ എന്ന് രേഖപ്പെടുത്തണമെന്നാണ് നിർദേശം. ചില സന്ദർഭങ്ങളിൽ ഭാര്യ, മകൾ തുടങ്ങിയ ബന്ധങ്ങൾ സൂചിപ്പിക്കുന്ന പദങ്ങളാണ് ഉപയോഗിക്കുന്നതെന്നും മറ്റുചിലയിടങ്ങളിൽ അപമാനകരമായ രീതിയിൽ സ്ത്രീകളെ വിശേഷിപ്പിക്കുന്നതായും മനുഷ്യാവകാശ പ്രവർത്തകർ ആരോപിക്കുന്നു.

പുതിയ ഉത്തരവ് സ്ത്രീകളുടെ ആരോഗ്യസുരക്ഷയെ ഗുരുതരമായി ബാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്. ഒരേ പേരിൽ നിരവധി മെഡിക്കൽ രേഖകൾ തയ്യാറാക്കുന്നത് ആശുപത്രികളിൽ ആശയക്കുഴപ്പത്തിനും രോഗികളെ തിരിച്ചറിയുന്നതിൽ പിഴവുകൾക്കും ഇടയാക്കും. ഇത് തെറ്റായ ചികിത്സയ്ക്കും മരുന്നുകളുടെ വിതരണത്തിലെ പിഴവുകൾക്കും കാരണമായേക്കാമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. വിദ്യാഭ്യാസത്തിലും ചികിത്സയിലും നേരത്തേ തന്നെ നിരവധി നിയന്ത്രണങ്ങൾ നേരിടുന്ന അഫ്ഗാൻ സ്ത്രീകൾക്ക് പുതിയ നടപടി കൂടുതൽ പ്രതിസന്ധിയുണ്ടാക്കുമെന്നും വിലയിരുത്തപ്പെടുന്നു.

2021ൽ വീണ്ടും അധികാരത്തിലെത്തിയതിന് പിന്നാലെ സ്ത്രീകളുടെ വിദ്യാഭ്യാസം, തൊഴിൽ, പൊതുജീവിതത്തിലെ പങ്കാളിത്തം എന്നിവയ്ക്ക് താലിബാൻ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. സ്ത്രീകളുടെ വ്യക്തിത്വവും സ്വത്വവും ഇല്ലാതാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് പുതിയ ഉത്തരവെന്നാണ് മനുഷ്യാവകാശ സംഘടനകളുടെ വിമർശനം.

ജനന സർട്ടിഫിക്കറ്റുകളിൽ അമ്മമാരുടെ പേരുകൾ ഉൾപ്പെടുത്തുന്നതിനായി നേരത്തേ നടത്തിയ നിയമപരമായ ഇടപെടലുകൾക്ക് വിരുദ്ധമാണ് പുതിയ നടപടിയെന്നും അവകാശ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. നിലവിൽ ബാൽഖ് പ്രവിശ്യയിൽ മാത്രമാണ് ഉത്തരവ് നടപ്പാക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇത് രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കാനുള്ള സാധ്യതയുണ്ടെന്ന ആശങ്കയും മനുഷ്യാവകാശ പ്രവർത്തകർ പങ്കുവെക്കുന്നു.

മറുപടി രേഖപ്പെടുത്തുക