സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പിൽ ഉന്നത ഐഎഎസ് ഉദ്യോഗസ്ഥർ തമ്മിലുള്ള ഭിന്നത ചർച്ചയാകുന്നതിനിടെ മാലിന്യമുക്ത കേരളം ലക്ഷ്യമിട്ട് ഒരേ സമയം രണ്ട് പദ്ധതികൾ പ്രഖ്യാപിച്ചതും വിവാദമാകുന്നു. തദ്ദേശ വകുപ്പ് സെക്രട്ടറി ടി.വി. അനുപമയുടെ നേതൃത്വത്തിൽ ‘നിർമലം പുതുയുഗ ശുചിത്വ കേരളം’ പദ്ധതിയും, പ്രിൻസിപ്പൽ ഡയറക്ടർ ഡോ. ദിവ്യ എസ്. അയ്യരുടെ നേതൃത്വത്തിൽ ‘ഐസി 100 ചലഞ്ച്’ പദ്ധതിയും പ്രഖ്യാപിച്ചതോടെ ഏത് പദ്ധതിക്കാണ് മുൻഗണന നൽകേണ്ടതെന്ന ആശയക്കുഴപ്പത്തിലാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ.
കഴിഞ്ഞ സെപ്റ്റംബർ 30നാണ് തദ്ദേശ വകുപ്പ് സെക്രട്ടറി ടി.വി. അനുപമ ‘നിർമലം പുതുയുഗ ശുചിത്വ കേരളം’ പദ്ധതിയുടെ ഉത്തരവിറക്കിയത്. ഗാന്ധിജയന്തി ദിനത്തിൽ പറവൂരിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു. സർക്കാരിന്റെ 100 ദിന കർമപരിപാടിയുടെ ഭാഗമായ പദ്ധതിയിലൂടെ പൊതുജന പങ്കാളിത്തത്തോടെ 2031 വരെ നീളുന്ന ശുചിത്വ പ്രവർത്തനങ്ങളാണ് ലക്ഷ്യമിടുന്നത്.
ഇതിനിടെ, പദ്ധതിയുടെ സംസ്ഥാന ഏകോപന സമിതിയിൽ പ്രിൻസിപ്പൽ ഡയറക്ടർ എന്ന നിലയിൽ തനിക്ക് അർഹമായ ചുമതലകളും പ്രാധാന്യവും നൽകിയിട്ടില്ലെന്ന പരാതിയുമായി ദിവ്യ എസ്. അയ്യർ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജിയെ സമീപിച്ചതായാണ് റിപ്പോർട്ടുകൾ.
മന്ത്രിക്ക് പരാതി നൽകിയതിന് പിന്നാലെ, ‘നിർമലം’ പദ്ധതിയുടെ ഉദ്ഘാടനം നടന്ന ഒക്ടോബർ 2ന് തന്നെ ദിവ്യ എസ്. അയ്യർ ‘ഐസി 100 ചലഞ്ച്’ എന്ന പേരിൽ പുതിയ പദ്ധതി പ്രഖ്യാപിച്ചു. പൊതുജന പങ്കാളിത്തത്തോടെയുള്ള ശുചിത്വ പ്രവർത്തനങ്ങളാണ് പദ്ധതിയുടെ ലക്ഷ്യമെന്നും, ‘നിർമലം’ പദ്ധതിയുമായി സാമ്യമുള്ള നിരവധി പ്രവർത്തനങ്ങൾ ഇതിലും ഉൾപ്പെടുത്തിയിട്ടുണ്ടെന്നും വിലയിരുത്തപ്പെടുന്നു.
രണ്ട് പദ്ധതികളും ഒരേ ലക്ഷ്യത്തോടെയാണ് മുന്നോട്ടുപോകുന്നതെന്ന വിമർശനം ഉയർന്നതോടെ തദ്ദേശ വകുപ്പ് വിശദീകരണവുമായി രംഗത്തെത്തി. ‘നിർമലം’ 2031 വരെ നീളുന്ന ദീർഘകാല സംസ്ഥാനതല പദ്ധതിയാണെന്നും, ‘ഐസി 100 ചലഞ്ച്’ 100 ദിവസത്തെ വാർഡ് കേന്ദ്രീകൃത പ്രവർത്തന പരിപാടിയാണെന്നും വകുപ്പ് അറിയിച്ചു.
‘ഐസി 100 ചലഞ്ച്’ പദ്ധതി ‘നിർമലം’ പദ്ധതിയുടെ ഭാഗമായുള്ള പ്രവർത്തനമാണെന്നും, ഇരു പദ്ധതികളും പരസ്പരം വിരുദ്ധമല്ലെന്നും വകുപ്പ് വ്യക്തമാക്കുന്നു. എന്നാൽ ഒരേ ലക്ഷ്യത്തോടെ രണ്ട് വ്യത്യസ്ത ഉത്തരവുകൾ പുറത്തിറക്കപ്പെട്ടത് ഉദ്യോഗസ്ഥ തലത്തിലെ ഭിന്നതയുടെയും അധികാര തർക്കത്തിന്റെയും പ്രതിഫലനമാണെന്ന ആരോപണം ശക്തമാണ്.
