അമേരിക്കയിൽ ഇന്ധനവില റെക്കോർഡ് ഉയരത്തിലെത്താൻ കാരണം ഇറാൻ യുദ്ധമല്ലെന്നും റഷ്യൻ റിഫൈനറികൾക്കെതിരായ ഉക്രെയ്ന്റെ ആക്രമണമാണെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഡെമോക്രാറ്റുകൾ നയിക്കുന്ന സംസ്ഥാനങ്ങൾ പിന്തുടരുന്ന ചില നയങ്ങളും ഇന്ധനവില വർധനയ്ക്ക് കാരണമാകുന്നതായി ട്രംപ് ആരോപിച്ചു.
തിങ്കളാഴ്ച ട്രൂത്ത് സോഷ്യലിൽ പങ്കുവച്ച കുറിപ്പിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. ഹോർമുസ് കടലിടുക്കിൽനിന്നുള്ള എണ്ണവിതരണവുമായി ബന്ധപ്പെട്ട ആശങ്കകൾക്ക് പകരം റഷ്യൻ റിഫൈനറികളാണ് ഇപ്പോഴത്തെ പ്രധാന വിഷയമെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. റഷ്യൻ റിഫൈനറികൾ ഉക്രെയ്ൻ ആക്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
സമീപ മാസങ്ങളിൽ റഷ്യൻ റിഫൈനറികളെയും മറ്റ് പെട്രോളിയം അനുബന്ധ കേന്ദ്രങ്ങളെയും ഉക്രെയ്ൻ തുടർച്ചയായി ലക്ഷ്യമിട്ടിട്ടുണ്ട്. ഇതുമൂലം റഷ്യയുടെ എണ്ണശുദ്ധീകരണ ശേഷിയെ ബാധിക്കുകയും ആഭ്യന്തര ഇന്ധനവിതരണത്തിൽ സമ്മർദം വർധിക്കുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്.
ആക്രമണങ്ങൾക്ക് പിന്നാലെ പെട്രോൾ, ഡീസൽ, മറ്റ് പെട്രോളിയം ഉൽപ്പന്നങ്ങൾ എന്നിവയുടെ കയറ്റുമതിയിൽ റഷ്യ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഡീസൽ കയറ്റുമതി നിയന്ത്രണം നിലവിൽ ഒക്ടോബർ അവസാനം വരെ തുടരുകയാണ്. ഉക്രെയ്ൻ ആക്രമണങ്ങൾ മൂലം രാജ്യത്തിന്റെ ജിഡിപിയിൽ ഏകദേശം ഒരു ശതമാനത്തോളം നഷ്ടമുണ്ടായതായി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ സമ്മതിച്ചിട്ടുണ്ടെങ്കിലും, തകർന്ന എണ്ണശുദ്ധീകരണ കേന്ദ്രങ്ങൾ വേഗത്തിൽ പുനഃസ്ഥാപിക്കുകയാണെന്നും ഊർജമേഖലയിൽ മതിയായ കരുതൽ ശേഷിയുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
റഷ്യൻ എണ്ണ സൗകര്യങ്ങൾ ലക്ഷ്യമിടുന്നതിനെതിരെ ട്രംപ് നേരത്തെയും ഉക്രെയ്നെ വിമർശിച്ചിരുന്നു. കഴിഞ്ഞ മാസം അയർലൻഡ് സന്ദർശനത്തിനിടെ ഉക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമിർ സെലെൻസ്കിയോട് റഷ്യയിലെ ഡീസൽ ഇന്ധനവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ ആക്രമിക്കുന്നത് അവസാനിപ്പിക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടിരുന്നു. ഇത്തരം ആക്രമണങ്ങൾ ലോകത്തെ പ്രതികൂലമായി ബാധിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.
അതേസമയം, റഷ്യൻ ഊർജ ആസ്തികൾക്കും ശുദ്ധീകരിച്ച പെട്രോളിയം ഉൽപ്പന്നങ്ങൾക്കും നേരെയുള്ള ഉക്രെയ്ൻ ആക്രമണങ്ങൾ ആഗോളതലത്തിൽ വലിയ ഊർജ ആഘാതത്തിന് കാരണമാകുന്നുണ്ടെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റും നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. റഷ്യൻ എണ്ണ വ്യവസായത്തിന് നേരെയുള്ള ആക്രമണം ശക്തമാക്കുമെന്ന് സെലെൻസ്കി വാരാന്ത്യത്തിൽ പ്രഖ്യാപിച്ചതായും റിപ്പോർട്ടുണ്ട്.
റഷ്യയുടെ ശുദ്ധീകരണ ശേഷിയുടെ 51 ശതമാനം തങ്ങളുടെ ദീർഘദൂര ആക്രമണങ്ങളിലൂടെ പ്രവർത്തനരഹിതമാക്കിയതായി ഉക്രെയ്ൻ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു. എന്നാൽ ഈ കണക്ക് റഷ്യ സ്ഥിരീകരിച്ചിട്ടില്ല. അതേസമയം, ആക്രമണങ്ങൾ ശക്തമാകുന്ന സാഹചര്യത്തിൽ റഷ്യൻ ഇന്ധനവിതരണത്തിലും ആഗോള എണ്ണവിപണിയിലും ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങൾ സംബന്ധിച്ച ആശങ്ക തുടരുകയാണ്.
