ജനങ്ങളുടെ ആരോഗ്യവും ദീർഘായുസ്സും ഉറപ്പാക്കുന്ന സമഗ്ര ആരോഗ്യ മാതൃക വികസിപ്പിക്കുന്നതിനായി സംസ്ഥാന സർക്കാർ ഉന്നതതല ടാസ്ക് ഫോഴ്സിന് രൂപം നൽകി. ‘കേരള ഹോളിസ്റ്റിക് മോഡൽ ഫോർ ഹെൽത്ത്, വെൽനെസ് ആൻഡ് ലോങ്ജിവിറ്റി ടാസ്ക് ഫോഴ്സ്’ എന്ന പേരിലാണ് സമിതി നിലവിൽ വന്നത്. മുഖ്യമന്ത്രി ചെയർമാനും ആരോഗ്യവകുപ്പ് മന്ത്രി വൈസ് ചെയർമാനുമായ സമിതിയിൽ ആരോഗ്യരംഗത്തെ പ്രമുഖ വിദഗ്ധരും അംഗങ്ങളാണ്.
രോഗങ്ങൾ തുടക്കത്തിൽ തന്നെ കണ്ടെത്തി പ്രതിരോധിക്കുന്നതിനൊപ്പം വയോജനങ്ങൾക്ക് ആരോഗ്യകരമായ ജീവിതം ഉറപ്പാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇത്തരത്തിൽ പ്രതിരോധ ആരോഗ്യപരിപാലനം, ദീർഘായുസ്സ്, വയോജന ക്ഷേമം എന്നിവയെ ഏകോപിപ്പിച്ചുള്ള സമഗ്ര പദ്ധതി രാജ്യത്ത് ആദ്യമായാണ് നടപ്പാക്കുന്നതെന്നും സർക്കാർ വ്യക്തമാക്കി.
സംസ്ഥാനത്തെ രോഗാവസ്ഥകൾ, ജനസംഖ്യയിലെ വർധിച്ചുവരുന്ന പ്രായഘടന, ആരോഗ്യ മേഖലയിലെ നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങൾ എന്നിവ വിശദമായി പഠിച്ച ശേഷമായിരിക്കും ടാസ്ക് ഫോഴ്സ് ശുപാർശകൾ സമർപ്പിക്കുക. രോഗപ്രതിരോധത്തിനുള്ള മാർഗരേഖകൾ തയ്യാറാക്കുന്നതിനൊപ്പം ആധുനിക അലോപ്പതി ചികിത്സയ്ക്കൊപ്പം ആയുർവേദം ഉൾപ്പെടെയുള്ള പരമ്പരാഗത ചികിത്സാരീതികളെ ഫലപ്രദമായി സമന്വയിപ്പിക്കുന്നതിനുള്ള സാധ്യതകളും സമിതി പരിശോധിക്കും.
വ്യക്തികളുടെ ആരോഗ്യ വിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കുകയും വിവിധ സംവിധാനങ്ങൾ തമ്മിൽ ഏകോപിപ്പിക്കുകയും ചെയ്യുന്നതിനായി ഏകീകൃത ഡിജിറ്റൽ സംവിധാനവും പദ്ധതിയുടെ ഭാഗമായി പരിഗണിക്കും.
ആദ്യ യോഗം ചേർന്ന് രണ്ട് മാസത്തിനകം ടാസ്ക് ഫോഴ്സ് സർക്കാരിന് സമഗ്ര റിപ്പോർട്ട് സമർപ്പിക്കണം. നടപ്പാക്കാൻ കഴിയുന്ന രണ്ടോ മൂന്നോ പൈലറ്റ് പദ്ധതികൾ, അടുത്ത മൂന്ന് വർഷത്തേക്കുള്ള ഘട്ടംഘട്ടമായ കർമപദ്ധതി, ആവശ്യമായ ചെലവ്, ഫണ്ട് കണ്ടെത്തുന്നതിനുള്ള മാർഗങ്ങൾ എന്നിവ റിപ്പോർട്ടിൽ ഉൾപ്പെടുത്തണം. പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിനുള്ള സംവിധാനവും വിവിധ വകുപ്പുകൾക്ക് നൽകേണ്ട ചുമതലകളും റിപ്പോർട്ടിൽ വ്യക്തമാക്കും.
സംസ്ഥാനത്ത് മുതിർന്ന പൗരന്മാരുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് മുൻകരുതൽ നടപടികൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. രോഗം വന്നശേഷം ചികിത്സ തേടുന്ന രീതിക്ക് പകരം രോഗങ്ങൾ വരുന്നത് തടയുന്ന പ്രതിരോധ ആരോഗ്യപരിപാലനത്തിനാണ് പുതിയ പദ്ധതിയിലൂടെ സർക്കാർ ഊന്നൽ നൽകുന്നത്.
ലോകത്തിന് തന്നെ മാതൃകയാക്കാവുന്ന പുതിയ പൊതുജനാരോഗ്യ മാതൃക വികസിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
