വോട്ട് ചോരി ഗൂഢാലോചന തുറന്നുകാട്ടുന്നു; രാഹുൽ ഗാന്ധിക്കെതിരായ എഫ്‌ഐആറിനെ വിമർശിച്ച് ജയറാം രമേശ്

‘വോട്ട് ചോരി ഗൂഢാലോചന’യെന്ന് രാഹുൽ ഗാന്ധി വിശേഷിപ്പിക്കുന്ന വിഷയത്തെ വസ്തുതാപരമായ തെളിവുകളിലൂടെ ‘നിർദയം തുറന്നുകാട്ടി’ വരികയാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ്. വോട്ടർപട്ടികയുടെ പ്രത്യേക തീവ്രമായ പരിഷ്കരണമായ എസ്‌ഐആറിനെതിരെ നടത്തിയ പ്രതിഷേധത്തിനിടെ രാഹുൽ ഗാന്ധിക്കും മറ്റ് നേതാക്കൾക്കുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതിലും അദ്ദേഹം വിമർശനം ഉന്നയിച്ചു.

രാഹുൽ ഗാന്ധി ഏകദേശം രണ്ട് വർഷമായി പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ എന്നിവർക്കെതിരെ വോട്ട് ചോറിയുമായി ബന്ധപ്പെട്ട ഗൂഢാലോചനയുടെ ആരോപണം ഉന്നയിച്ച് വരികയാണെന്ന് ജയറാം രമേശ് എക്‌സിലെ കുറിപ്പിൽ പറഞ്ഞു. വസ്തുതാപരമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് രാഹുൽ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

എസ്‌ഐആർ നടപടിയിലൂടെ കോടിക്കണക്കിന് യഥാർഥ വോട്ടർമാർക്ക് ഭരണഘടനാപരമായ വോട്ടവകാശം നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായെന്നാണ് കോൺഗ്രസിന്റെ ആരോപണം. ഇതിനെതിരെ രാഹുൽ ഗാന്ധി ‘സത്യാഗ്രഹ’ രീതിയിലാണ് പ്രതിഷേധം നടത്തുന്നതെന്നും എന്നാൽ ഡൽഹി പൊലീസ് അദ്ദേഹത്തിനും മറ്റ് നേതാക്കൾക്കുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുകയാണെന്നും ജയറാം രമേശ് ചൂണ്ടിക്കാട്ടി.

‘ഈ പൈശാചിക ജോഡി പരിഭ്രാന്തരും അസ്വസ്ഥരും നിരാശരുമാണ്. ചുമരിലെ എഴുത്ത് വ്യക്തമാണ്’ എന്നായിരുന്നു കേന്ദ്രസർക്കാരിനെയും തിരഞ്ഞെടുപ്പ് സംവിധാനത്തെയും പരാമർശിച്ചുള്ള ജയറാം രമേശിന്റെ വിമർശനം.

ചൊവ്വാഴ്ച നടന്ന ഇന്ത്യാ ബ്ലോക്ക് പ്രതിഷേധത്തിനിടെ ആകാശവാണി ഭവൻ പരിസരത്ത് പ്രവേശിച്ചതുമായി ബന്ധപ്പെട്ടാണ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി വാദ്ര തുടങ്ങിയ നേതാക്കൾക്കെതിരെ ഡൽഹി പൊലീസ് കേസെടുത്തത്. പാർലമെന്റിൽ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ച് ആകാശവാണി ഭവന് സമീപം പൊലീസ് തടയുകയായിരുന്നു.

തുടർന്ന് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ മണിക്കൂറുകളോളം സ്ഥലത്ത് പ്രതിഷേധിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്ക് പോകുന്നത് തടഞ്ഞതിനെ തുടർന്ന് പ്രതിഷേധക്കാർ ബലപ്രയോഗത്തിലൂടെ ആകാശവാണി ഭവൻ പരിസരത്തേക്ക് പ്രവേശിച്ചതായാണ് റിപ്പോർട്ട്.

വോട്ടർപട്ടിക പരിഷ്കരണ നടപടികളിൽ നടപടി സ്വീകരിക്കണമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പൊലീസ് സ്ഥലം ഒഴിയാൻ ആവശ്യപ്പെട്ടെങ്കിലും രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉൾപ്പെടെയുള്ള നേതാക്കൾ കുത്തിയിരിപ്പ് സമരം തുടരുകയായിരുന്നു. പിന്നീട് പൊലീസ് നേതാക്കളെ കസ്റ്റഡിയിലെടുത്തെങ്കിലും വിട്ടയച്ചു.

മറുപടി രേഖപ്പെടുത്തുക