കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനെ ‘ഉരുക്കുവനിത’യെന്ന് വിശേഷിപ്പിച്ച് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിൽ നിർമ്മല സീതാരാമൻ നിർണായക പങ്കാണ് വഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒരു സ്ത്രീക്ക് കുടുംബത്തെ രൂപപ്പെടുത്താൻ കഴിയുന്നതുപോലെ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ രൂപപ്പെടുത്തുന്നതിലും നിർമ്മല സീതാരാമൻ പ്രധാന പങ്കുവഹിച്ചുവെന്നും നായിഡു പറഞ്ഞു.
അന്നമയ ജില്ലയിലെ മദനപ്പള്ളിയിൽ ഗ്ലോബൽ ഹോർട്ടികൾച്ചർ ഹബ്ബിന്റെയും ഇന്ത്യൻ സ്കൂൾ ഓഫ് അഗ്രികൾച്ചറിന്റെയും ശിലാസ്ഥാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജിഎസ്ടി ഉൾപ്പെടെയുള്ള പരിഷ്കാരങ്ങൾ നടപ്പാക്കുന്നതിലും ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ (ഡിബിടി) വഴി ക്ഷേമപദ്ധതികളിൽ സുതാര്യത ഉറപ്പാക്കുന്നതിലും നിർമ്മല സീതാരാമന്റെ പങ്ക് നിർണായകമാണെന്ന് നായിഡു പറഞ്ഞു.
നിർമ്മല സീതാരാമന്റെ നേതൃപാടവം തിരിച്ചറിഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദി ധനമന്ത്രാലയം പോലുള്ള പ്രധാനപ്പെട്ട ഉത്തരവാദിത്തങ്ങൾ അവരെ ഏൽപ്പിച്ചിട്ടുണ്ടെന്നും നായിഡു പറഞ്ഞു. സംസ്ഥാനത്ത് വികസന-ക്ഷേമ പദ്ധതികൾ നടപ്പാക്കാൻ കഴിയുന്നതിന് കേന്ദ്ര സർക്കാരിന്റെ സഹകരണവും പിന്തുണയും പ്രധാനമാണെന്നും അദ്ദേഹം വ്യക്തമാക്കി.
അമരാവതി, വിശാഖപട്ടണം സ്റ്റീൽ പ്ലാന്റ്, പോളവാരം തുടങ്ങിയ പ്രധാന പദ്ധതികൾക്ക് കേന്ദ്രം നൽകുന്ന പിന്തുണയും നായിഡു ചൂണ്ടിക്കാട്ടി. മദനപ്പള്ളിയിൽ സ്ഥാപിക്കുന്ന ഗ്ലോബൽ ഹോർട്ടികൾച്ചർ ഹബ്ബിനായി ഫണ്ട് അനുവദിക്കുന്നതിൽ നിർമ്മല സീതാരാമൻ നൽകിയ പിന്തുണയ്ക്ക് നന്ദിയുണ്ടെന്നും അത് മറക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒരു ലക്ഷം കോടി രൂപയുടെ ഹോർട്ടികൾച്ചർ ഹബ്
മദനപ്പള്ളിയിൽ ഒരു ലക്ഷം കോടി രൂപ ചെലവ് കണക്കാക്കുന്ന ഗ്ലോബൽ ഹോർട്ടികൾച്ചർ ഹബ്ബിനാണ് പദ്ധതിയിടുന്നത്. കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ, മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ഉപമുഖ്യമന്ത്രി പവൻ കല്യാൺ, റിലയൻസ് ഇൻഡസ്ട്രീസ് എക്സിക്യൂട്ടീവ് ഡയറക്ടർ അനന്ത് അംബാനി, മന്ത്രി നര ലോകേഷ് എന്നിവർ ചേർന്നാണ് പദ്ധതിക്ക് തറക്കല്ലിട്ടത്.
പദ്ധതിക്കായി കേന്ദ്ര സഹായമായി 40,000 കോടി രൂപയും സ്വകാര്യ നിക്ഷേപമായി 60,000 കോടി രൂപയും സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. റായലസീമ മേഖലയിലെ വികസനത്തിന് പദ്ധതി നിർണായകമാകുമെന്നാണ് സംസ്ഥാന സർക്കാരിന്റെ പ്രതീക്ഷ.
