പുടിന്റെ കെണിയിൽ വീഴരുത്; റഷ്യ 47 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരെ യുദ്ധത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നു; ഇന്ത്യയെയും പരാമർശിച്ച് സെലെൻസ്‌കി

ഉക്രെയ്‌നിനെതിരായ യുദ്ധത്തിൽ റഷ്യ 47 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരെ ഉപയോഗിക്കുന്നുണ്ടെന്ന ആരോപണവുമായി ഉക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ളവരെ റഷ്യ റിക്രൂട്ട് ചെയ്ത് യുദ്ധമുഖത്തേക്ക് അയയ്ക്കുകയാണെന്നാണ് സെലെൻസ്‌കിയുടെ ആരോപണം. സെപ്റ്റംബർ 23ന് ന്യൂയോർക്കിൽ നടന്ന 81-ാമത് ഐക്യരാഷ്ട്രസഭാ പൊതുസഭയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ഘാന, നേപ്പാൾ, താജിക്കിസ്ഥാൻ, ഇന്ത്യ, യെമൻ, കെനിയ, സിംബാബ്‌വെ, ക്യൂബ, ബെലാറസ്, സുഡാൻ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളുടെ പൗരന്മാരെ റഷ്യ യുദ്ധത്തിൽ ഉപയോഗിക്കുന്നുണ്ടെന്നാണ് സെലെൻസ്‌കി പറഞ്ഞത്. റഷ്യയിലെത്തിയ ശേഷം വഞ്ചനയും വിവിധ തന്ത്രങ്ങളും ഉപയോഗിച്ച് ഇവരെ യുദ്ധത്തിലേക്ക് എത്തിക്കുന്നതായും അദ്ദേഹം ആരോപിച്ചു.

ഈ 47 രാജ്യങ്ങളുടെയും പ്രതിനിധികളോട് നേരിട്ട് സംസാരിക്കുകയാണെന്ന് വ്യക്തമാക്കിയ സെലെൻസ്‌കി, സ്വന്തം പൗരന്മാരെ സംരക്ഷിക്കണമെന്നും അവരെ മറ്റൊരു യുദ്ധമുഖത്തേക്ക് എത്തുന്നത് തടയണമെന്നും ആവശ്യപ്പെട്ടു. റഷ്യ-ഉക്രെയ്ൻ യുദ്ധത്തിലേക്ക് മറ്റ് രാജ്യങ്ങളിലെ പൗരന്മാരെ വലിച്ചിഴയ്ക്കാൻ അനുവദിക്കരുതെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

റഷ്യയും ഉത്തരകൊറിയയും തമ്മിലുള്ള സൈനിക സഹകരണത്തെയും സെലെൻസ്‌കി വിമർശിച്ചു. റഷ്യയ്ക്കുവേണ്ടി യുദ്ധത്തിൽ പങ്കെടുത്ത രണ്ട് ഉത്തരകൊറിയൻ സൈനികരെ ഉക്രെയ്ൻ യുദ്ധത്തടവുകാരായി പിടികൂടിയശേഷം ദക്ഷിണ കൊറിയയ്ക്ക് കൈമാറിയതായി അദ്ദേഹം പറഞ്ഞു.

അതേസമയം, ഫിൻലൻഡുമായും ഓസ്‌ട്രേലിയയുമായും പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുന്നതായും ഉക്രെയ്ൻ പ്രസിഡന്റ് വ്യക്തമാക്കി. റഷ്യയുടെ യുദ്ധശേഷിയും യുദ്ധത്തിന് ആവശ്യമായ സാമ്പത്തിക വിഭവങ്ങളും പരിമിതപ്പെടുത്താൻ കൂടുതൽ അന്താരാഷ്ട്ര നടപടികൾ വേണമെന്നും അദ്ദേഹം പൊതുസഭയിൽ ആവശ്യപ്പെട്ടു. റഷ്യയുടെ വരുമാന സ്രോതസ്സുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നത് യുദ്ധം തുടരാനുള്ള മോസ്‌കോയുടെ ശേഷിയെ ബാധിക്കുമെന്നായിരുന്നു സെലെൻസ്‌കിയുടെ വാദം.

മറുപടി രേഖപ്പെടുത്തുക