മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രതിപക്ഷ പാർട്ടികൾ തിങ്കളാഴ്ച സുപ്രീം കോടതിയിലേക്ക് മാർച്ച് നടത്തുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അറിയിച്ചു. ‘ചലോ ഡൽഹി–ജനാധിപത്യത്തിനായുള്ള മാർച്ച്’ എന്ന പേരിൽ സംഘടിപ്പിക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായി ഉച്ചയ്ക്ക് 1.30ന് കൊണാട്ട് പ്ലേസ്–ബാരഖംബ റോഡ് ജംഗ്ഷനിൽ നേതാക്കൾ ഒത്തുചേരും. ‘വോട്ട് ചോരി ’ ആരോപണങ്ങൾ ഉന്നയിച്ച് ഇന്ത്യാ സഖ്യ നേതാക്കൾ സുപ്രീം കോടതിയിൽ ഹർജി സമർപ്പിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
കഴിഞ്ഞ നാലോ അഞ്ചോ ദിവസമായി ഗ്യാനേഷ് കുമാറിനെതിരെ പൊതുപ്രതിഷേധം ശക്തമാകുകയാണെന്ന് രാഹുൽ ഗാന്ധി പത്രസമ്മേളനത്തിൽ അവകാശപ്പെട്ടു. പ്രതിഷേധത്തിൽ പങ്കെടുക്കാനായി ഡൽഹിയിലെത്തുന്നവരെ തടയുകയും ട്രെയിൻ, ബസ് സർവീസുകൾക്ക് തടസ്സം സൃഷ്ടിക്കുകയും ചെയ്തതായി അദ്ദേഹം ആരോപിച്ചു. തലസ്ഥാനത്ത് 20,000 മുതൽ 30,000 വരെ പോലീസുകാരെ വിന്യസിച്ചിട്ടുണ്ടെന്നും ഡൽഹിയെ കോട്ടയാക്കി മാറ്റിയിരിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. ഗ്യാനേഷ് കുമാറിനെ സർക്കാർ സംരക്ഷിക്കുന്നുവെന്ന ആരോപണം രാജ്യത്തിന് മുന്നിലെത്തിക്കുകയാണ് പ്രതിഷേധത്തിന്റെ ലക്ഷ്യമെന്നും രാഹുൽ പറഞ്ഞു.
പ്രതിഷേധക്കാർക്കെതിരെ പോലീസ് നടപടിയുണ്ടായെന്നാരോപിച്ച് ചില ദൃശ്യങ്ങളും രാഹുൽ ഗാന്ധി പത്രസമ്മേളനത്തിൽ പ്രദർശിപ്പിച്ചു. യുവ പ്രതിഷേധക്കാരെ പോലീസ് കൈയേറ്റം ചെയ്യുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തതായി അദ്ദേഹം ആരോപിച്ചു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജിവയ്ക്കാൻ തയ്യാറാകാത്തതിനെതിരെയാണ് പ്രതിഷേധമെന്നും അദ്ദേഹം വ്യക്തമാക്കി.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി), സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ), വിദേശകാര്യ മന്ത്രാലയം എന്നിവയുൾപ്പെടെയുള്ള വിവിധ ഏജൻസികളിലെയും വകുപ്പുകളിലെയും ഏകദേശം 200 ഉദ്യോഗസ്ഥർ സർക്കാരുമായി ബന്ധപ്പെട്ട വിവരങ്ങൾ പ്രതിപക്ഷവുമായി പങ്കിടുന്നുണ്ടെന്നും രാഹുൽ ഗാന്ധി അവകാശപ്പെട്ടു. ഭരണഘടന സംരക്ഷിക്കുന്നതിനും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ നീക്കം ചെയ്യുന്നതിനുമായി പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ‘വോട്ട് ചോറി’ ആരോപണങ്ങളിൽ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തണമെന്ന ആവശ്യം ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നിരസിച്ചതായി റിപ്പോർട്ടുകളുണ്ട്. സമാനമായ വിഷയങ്ങൾ സുപ്രീം കോടതിയുടെ പരിഗണനയിലാണെന്ന് ഇതിന് കാരണമായി ചൂണ്ടിക്കാട്ടിയെന്നാണ് വൃത്തങ്ങളെ ഉദ്ധരിച്ചുള്ള വിവരം.
