നിന്നെയല്ല നിൻ്റെയച്ഛനെ നോക്കുന്നു എന്ന തരത്തിലാണ് വീണയ്ക്കെതിരായ മാസപ്പടി കേസ് ഉണ്ടായത്; അച്ഛനിതെല്ലാം എത്ര കണ്ടതാണ് ഇവർക്കറിയില്ല: പിണറായി വിജയൻ

CMRL–എക്സാലോജിക് കേസിലൂടെ സിപിഐഎമ്മിനെ ലക്ഷ്യമിട്ടുള്ള നീക്കമാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ആലപ്പുഴയിൽ നടന്ന സിപിഐഎം ജില്ലാ വിശാലസമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തനിക്കും മകൾ വീണയ്ക്കുമെതിരെ ഉയർന്ന ആരോപണങ്ങൾ രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണെന്നും പിണറായി ആരോപിച്ചു.

എക്സാലോജിക് കേസ് എൽഡിഎഫിനെതിരായ നീക്കമാണെന്ന് പിണറായി പറഞ്ഞു. ‘നിന്നെയല്ല, നിന്റെ അച്ഛനെ നോക്കുന്നു’ എന്ന തരത്തിലാണ് വീണയ്ക്കെതിരായ മാസപ്പടി കേസ് ഉണ്ടായതെന്നും അദ്ദേഹം ആരോപിച്ചു. അച്ഛൻ എന്ന നിലയിൽ ഇത്തരം കാര്യങ്ങൾ താൻ പലതും കണ്ടിട്ടുണ്ടെന്നും പിണറായി പറഞ്ഞു.

എക്സാലോജിക്കിന് ലഭിച്ച പണം സേവനം നൽകിയതിനുള്ള പ്രതിഫലമാണെന്നാണ് പിണറായി ആവർത്തിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യമാണെന്നും പിണറായി വിജയൻ പറഞ്ഞു. കമ്മീഷൻ ഏകപക്ഷീയ നിലപാടുകൾ സ്വീകരിക്കുന്നുവെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സ്വന്തം നിലപാടുകൾ തീരുമാനങ്ങളാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഇതിനെതിരെ പ്രക്ഷോഭം ശക്തമാകുമെന്നും പിണറായി പറഞ്ഞു.

ജനസംഖ്യാ കണക്കെടുപ്പുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ സ്വകാര്യതയ്ക്ക് ഭീഷണിയാകുന്ന തരത്തിലാകരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജനസംഖ്യാ നിയന്ത്രണം നടപ്പാക്കിയ സംസ്ഥാനങ്ങൾക്ക് മണ്ഡല പുനർനിർണയത്തിൽ നഷ്ടമുണ്ടാകരുതെന്നും പിണറായി ആവശ്യപ്പെട്ടു.

രാജ്യത്ത് നടക്കാനിരിക്കുന്ന വലിയ പ്രതിഷേധങ്ങളുടെ സൂചനയാണ് അടുത്തിടെ നടന്ന പ്രതിഷേധങ്ങളിലൂടെ ലഭിച്ചതെന്നും രാജ്യവ്യാപക പ്രതിഷേധത്തിന് ഇടതുപക്ഷം ആഹ്വാനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മറുപടി രേഖപ്പെടുത്തുക