ഉർവശിക്കൊപ്പം അഭിനയിക്കുമ്പോൾ ഇന്നും പേടിയാണ് ; ഖുശ്ബുവിന്റെ വാക്കുകൾ ശ്രദ്ധേയമാകുന്നു

നയൻതാര നായികയായെത്തുന്ന ‘മൂക്കുത്തി അമ്മൻ 2’ റിലീസിനൊരുങ്ങുന്നതിനിടെ ചിത്രത്തിന്റെ പ്രീ റിലീസ് പരിപാടിയിൽ നടി ഖുശ്ബു ഉർവശിയെക്കുറിച്ച് പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുന്നു. വർഷങ്ങളായി സിനിമയിൽ അഭിനയിക്കുന്നുണ്ടെങ്കിലും ഉർവശിക്കൊപ്പം ഒരേ ഫ്രെയിം പങ്കിടുമ്പോൾ തനിക്ക് പേടി തോന്നാറുണ്ടെന്നാണ് ഖുശ്ബു പറഞ്ഞത്. ചിത്രത്തിൽ ഉർവശിയും ഖുശ്ബുവും പ്രധാന വേഷങ്ങളിലാണ് എത്തുന്നത്.

അഭിനയത്തിൽ ആരുടെ മുന്നിലും ഭയപ്പെടാറില്ലെന്നും എന്നാൽ ഉർവശിക്കൊപ്പം അഭിനയിക്കുമ്പോൾ മാത്രം ആ തോന്നൽ ഉണ്ടാകാറുണ്ടെന്നും ഖുശ്ബു പറഞ്ഞു. ഉർവശിയുടെ അഭിനയമികവിനെ പ്രശംസിച്ച താരം, ഒരേ ഫ്രെയിമിൽ ഉർവശിയുണ്ടെങ്കിൽ പ്രേക്ഷകരുടെ മുഴുവൻ ശ്രദ്ധയും അവരിലേക്ക് പോകുമെന്നും കൂട്ടിച്ചേർത്തു.

“ചിലർ അഭിനയിക്കുമ്പോൾ ഒരേ ഫ്രെയിമിലുള്ള മറ്റുള്ളവരെ കടിച്ചുതിന്ന് തുപ്പിക്കളയും. എന്നാൽ ഉർവശി അങ്ങനെയല്ല, നമ്മളെ കണ്ടപാടെ വിഴുങ്ങിക്കളയും. പിന്നെ നമ്മൾ എവിടെയാണെന്ന് തിരയേണ്ടിവരും. ഈ സിനിമയിൽ നമ്മളും അഭിനയിച്ചിട്ടുണ്ടല്ലോ, നമ്മൾ എവിടെയെന്ന് നോക്കേണ്ടിവരും. ഉർവശി കൂടെയുണ്ടെങ്കിൽ സ്ക്രീനിൽ അവരുടെ സാന്നിധ്യം മാത്രമേ കാണാൻ കഴിയൂ,” എന്നായിരുന്നു ഖുശ്ബുവിന്റെ വാക്കുകൾ.

ഉർവശിയെ അത്ഭുതകരമായ അഭിനയശേഷിയുള്ള നടിയെന്ന് വിശേഷിപ്പിച്ച ഖുശ്ബു, സിനിമയ്ക്കപ്പുറമുള്ള ഇരുവരുടെയും ദീർഘകാല സൗഹൃദത്തെക്കുറിച്ചും സംസാരിച്ചു. ഉർവശി തന്നെ ‘കുബു സ്വാമി’ എന്ന് വിളിക്കാറുണ്ടെന്നും താൻ ഉർവശിയെ ‘പൊടി’ എന്നാണ് വിളിക്കുന്നതെന്നും താരം പറഞ്ഞു. വർഷങ്ങളായി തുടരുന്ന സൗഹൃദത്തിലും ഉർവശിയുടെ സ്വഭാവത്തിൽ മാറ്റമൊന്നുമില്ലെന്നും ഖുശ്ബു കൂട്ടിച്ചേർത്തു.

സിനിമയിലും രാഷ്ട്രീയത്തിലുമുൾപ്പെടെ വിവിധ വിഷയങ്ങളിൽ ഉർവശിക്കുള്ള അറിവിനെയും ഖുശ്ബു പ്രശംസിച്ചു. കമൽ സാർ ഉർവശിയെ ‘എൻസൈക്ലോപീഡിയ ഓഫ് സിനിമ’ എന്നാണ് വിശേഷിപ്പിക്കുന്നതെന്നും എന്നാൽ ലോകത്തിന്റെ തന്നെ എൻസൈക്ലോപീഡിയ എന്ന് വിളിക്കാവുന്ന വ്യക്തിയാണ് ഉർവശിയെന്നും ഖുശ്ബു പറഞ്ഞു. അഭിനയമികവിനൊപ്പം വിവിധ വിഷയങ്ങളിലുള്ള അറിവും ഉർവശിയെ വ്യത്യസ്തയാക്കുന്നുവെന്നും താരം അഭിപ്രായപ്പെട്ടു.

‘മൂക്കുത്തി അമ്മൻ 2’യിൽ നയൻതാരയ്ക്കൊപ്പം ഉർവശിയും ഖുശ്ബുവും എത്തുന്നത് ചിത്രത്തെക്കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകൾ വർധിപ്പിക്കുന്നുണ്ട്.

മറുപടി രേഖപ്പെടുത്തുക