അടുത്തിടെ തിയറ്ററുകളിലെത്തിയ ‘രാമായണം’ സിനിമയ്ക്കെതിരെ വിമർശനവുമായി ഹിന്ദു ജനജാഗ്രതി സമിതി. വാത്മീകി രചിച്ച ഇതിഹാസത്തെ സിനിമ വളച്ചൊടിച്ചെന്നും രാവണനെ പ്രധാന കഥാപാത്രമായി അവതരിപ്പിച്ചെന്നുമാണ് സംഘടനയുടെ ആരോപണം. ഹിന്ദുക്കൾ ചിത്രം കാണരുതെന്നും സംഘടന ആഹ്വാനം ചെയ്തു.
പരമ്പരാഗതമായി അവതരിപ്പിച്ചുവരുന്ന രീതിയിൽനിന്ന് വ്യത്യസ്തമായാണ് ശ്രീരാമനെയും ലക്ഷ്മണനെയും സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നതെന്ന് സംഘടന കുറ്റപ്പെടുത്തി. കമ്മ്യൂണിസ്റ്റ് അജണ്ട നടപ്പാക്കാനുള്ള ശ്രമമാണ് സിനിമയെന്നും ആരോപണമുണ്ട്. രണ്ടാം ഭാഗത്തിലും സമാനമായ രീതിയിൽ ഇതിഹാസത്തെ വളച്ചൊടിച്ചാൽ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്നും സംഘടന മുന്നറിയിപ്പ് നൽകി.
സിനിമയിലെ നിരവധി രംഗങ്ങൾ ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന് ഹിന്ദു ജനജാഗ്രതി സമിതിയുടെ ഗോവ കോർഡിനേറ്റർ മനോജ് സോളങ്കി ആരോപിച്ചു. ചിത്രത്തിലെ രംഗങ്ങളെല്ലാം ഭാവന മാത്രമാണെന്ന നിർമാതാക്കളുടെ വിശദീകരണം അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ സിനിമയിലെ മതപരമായ ഉള്ളടക്കം വേണ്ടവിധം പരിശോധിച്ചില്ലെന്നും സോളങ്കി കുറ്റപ്പെടുത്തി. മതപരമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന സിനിമകൾക്ക് അനുമതി നൽകുന്നതിന് മുമ്പ് ബന്ധപ്പെട്ട തിരുവെഴുത്തുകൾ പരിശോധിക്കുകയും പണ്ഡിതരുമായി കൂടിയാലോചന നടത്തുകയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
‘മെസഞ്ചർ ഓഫ് ഗോഡ്’, ‘ദി ഡാവിഞ്ചി കോഡ്’ തുടങ്ങിയ സിനിമകൾ നേരിട്ട എതിർപ്പുകളും ‘കമാൽ ധമാൽ മലാമാൽ’ എന്ന ചിത്രത്തിലെ ഒരു രംഗത്തിനെതിരെ ക്രിസ്ത്യൻ വിഭാഗങ്ങൾ ഉയർത്തിയ പ്രതിഷേധവും ചൂണ്ടിക്കാട്ടിയ സോളങ്കി, ഹിന്ദുക്കളുടെ മതവികാരങ്ങൾക്ക് സമാനമായ പരിഗണന നൽകാത്തത് എന്തുകൊണ്ടാണെന്നും ചോദിച്ചു.
