കെ സുധാകരന്റെ യാത്ര തടയാൻ ശ്രമമെന്ന് കുടുംബം; ആശുപത്രിയിൽ കാണാൻ അനുവദിക്കുന്നില്ലെന്നും ആരോപണം

ദുബൈയിൽ ചികിത്സയിൽ കഴിയുന്ന കെ സുധാകരൻ എംപിയുടെ യാത്ര തടയാൻ ശ്രമം നടക്കുന്നതായി കുടുംബത്തിന്റെ ഗുരുതര ആരോപണം. പിതാവിനെ കാണാൻ ഡോക്ടർ അനുവദിക്കുന്നില്ലെന്നും ‘ബോസ് വിളിച്ചിരുന്നു’ എന്നാണ് ഡോക്ടർ പറഞ്ഞതെന്നും മകൻ സൻജോഗ് സുധാകരൻ ആരോപിച്ചു.

അമേരിക്കയിൽ ചികിത്സ തേടുന്നതിനായാണ് കെ സുധാകരനും കുടുംബാംഗങ്ങളും യുഎഇയിലെത്തിയത്. എന്നാൽ മണ്ഡല പുനർനിർണയ ബിൽ നാളെ ലോക്‌സഭയിൽ അവതരിപ്പിക്കാനിരിക്കെ സുധാകരനോട് മടങ്ങിയെത്താൻ കോൺഗ്രസ് നേതൃത്വം നിർദേശിക്കുകയായിരുന്നു. ഇതിനിടെയാണ് കുടുംബത്തിന്റെ ആരോപണം പുറത്തുവന്നത്.

സംഭവത്തിന് പിന്നിൽ വലിയ രാഷ്ട്രീയ നീക്കമുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം. ചികിത്സ തുടരണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് കെ സുധാകരനെ ഇന്നലെ ഐസിയുവിലേക്ക് മാറ്റിയിരുന്നു. ഭാര്യയെപ്പോലും അദ്ദേഹത്തെ കാണാൻ അനുവദിക്കുന്നില്ലെന്നും കുടുംബം ആരോപിച്ചു.

അതേസമയം, ഡൽഹിയിലേക്ക് മടങ്ങാനുള്ള ശ്രമം കുടുംബം തുടരുകയാണ്.

മറുപടി രേഖപ്പെടുത്തുക