മയിൽപ്പീലി സ്കോളർഷിപ്പ് വിവാദം: വിദ്യാഭ്യാസ വകുപ്പിൽ കടുത്ത നടപടിക്ക് സാധ്യത കുറവ്

സംഘപരിവാർ അനുകൂല അധ്യാപക സംഘടനയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ മയിൽപ്പീലി സ്കോളർഷിപ്പ് പരീക്ഷ നടത്താൻ അനുമതി നൽകിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ വിദ്യാഭ്യാസ വകുപ്പിൽ കടുത്ത നടപടിക്ക് സാധ്യത കുറവെന്ന് സൂചന. പൊതുവിദ്യാഭ്യാസ ഡയറക്ടർ ഇന്ന് വിദ്യാഭ്യാസ മന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചേക്കും. പരീക്ഷയും സ്കോളർഷിപ്പ് പദ്ധതിയും റദ്ദാക്കിയതോടെ വിവാദം അവസാനിച്ചെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തൽ.

വിഷയത്തിൽ സർക്കാരിനെതിരെ പ്രതിപക്ഷം രൂക്ഷ വിമർശനം ഉന്നയിക്കുന്നതിനിടെയാണ് വിവാദം അവസാനിപ്പിക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ നീക്കം. കഴിഞ്ഞ ഒക്ടോബർ മുതൽ നടത്തിയ പരീക്ഷകളും സ്കോളർഷിപ്പ് പദ്ധതിയും റദ്ദാക്കാൻ വകുപ്പ് തീരുമാനിച്ചിരുന്നു. വിവിധ രാഷ്ട്രീയ പാർട്ടികളുമായി ബന്ധമുള്ള അധ്യാപക സംഘടനകൾ മുൻപും സ്കോളർഷിപ്പ് പദ്ധതികളും ക്വിസ് മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ടെന്നും അവയ്ക്ക് അനുമതി നൽകാറുണ്ടെന്നുമാണ് വകുപ്പിന്റെ വിശദീകരണം.

ആർഎസ്എസിന്റെ സംഘടനാ സംവിധാനമായി പ്രവർത്തിക്കുന്ന ബാലഗോകുലം പ്രസിദ്ധീകരിക്കുന്ന മയിൽപ്പീലി മാസികയുമായി സഹകരിച്ചാണ് ദേശീയ അധ്യാപക പരിഷത്ത് സ്കോളർഷിപ്പ് പരീക്ഷ സംഘടിപ്പിച്ചത്. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ എൽപി, യുപി, ഹൈസ്കൂൾ വിഭാഗങ്ങളിലെ വിദ്യാർഥികൾക്കായി ‘യങ് സ്കോളർ എക്സാം’ എന്ന പേരിലായിരുന്നു പദ്ധതി.

വിദ്യാഭ്യാസ മന്ത്രി അറിയാതെയാണ് പരീക്ഷയ്ക്ക് അനുമതി നൽകിയതെന്ന വിവരം പുറത്തുവന്നതോടെ സംഭവം വിവാദമായി. തുടർന്ന് പരീക്ഷയും സ്കോളർഷിപ്പ് പദ്ധതിയും പിൻവലിക്കാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിക്കുകയായിരുന്നു.

മറുപടി രേഖപ്പെടുത്തുക