ഡൽഹിയിൽ രാഹുൽ ഗാന്ധിയെയും മറ്റ് പ്രതിപക്ഷ നേതാക്കളെയും കസ്റ്റഡിയിലെടുത്ത നടപടിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. “ഇന്ത്യ ജയിക്കും. കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നുപോകില്ല. രാജ്യത്തിന് വേണ്ടി പോരാട്ടം കോൺഗ്രസ് നയിക്കും,” സതീശൻ പറഞ്ഞു.
അതേസമയം, വോട്ടവകാശം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധത്തിന് നേതൃത്വം നൽകിയ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ ഉൾപ്പെടെയുള്ള നേതാക്കളെ കസ്റ്റഡിയിലെടുത്ത നടപടി പ്രതിഷേധാർഹമാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു.
കോടിക്കണക്കിന് ജനങ്ങളുടെ വോട്ടവകാശം ഇല്ലാതാക്കിയെന്നത് പ്രകടമായ വസ്തുതയാണെന്നും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികൾ ജനാധിപത്യത്തിന്റെ അടിസ്ഥാന അവകാശമായ വോട്ടവകാശത്തെ ബാധിക്കുന്നതാണെന്നും സണ്ണി ജോസഫ് ആരോപിച്ചു. ഇത്തരത്തിൽ പ്രവർത്തിക്കുന്ന മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ആ സ്ഥാനത്ത് തുടരാൻ അർഹനല്ലെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് കമ്മീഷനിലെ ഭൂരിപക്ഷ അംഗങ്ങളുടെ നിലപാടുകൾ അവഗണിച്ച് നിരവധി പേരെ വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കിയെന്ന ആരോപണം ഗൗരവമുള്ളതാണെന്നും സണ്ണി ജോസഫ് പറഞ്ഞു. സുപ്രീം കോടതി ഉത്തരവുണ്ടെന്ന തെറ്റായ വാദം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ ഭാഗത്തുനിന്ന് ഉയർന്നുവെന്ന ആരോപണവും തിരഞ്ഞെടുപ്പ് സംവിധാനത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജനാധിപത്യ സ്ഥാപനങ്ങളുടെ വിശ്വാസ്യതയും പൗരന്മാരുടെ വോട്ടവകാശവും സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്ന് സണ്ണി ജോസഫ് പറഞ്ഞു. ഗ്യാനേഷ് കുമാറിനെ മാറ്റണമെന്ന ആവശ്യം ഉന്നയിച്ച അദ്ദേഹം, ജനാധിപത്യത്തെയും വോട്ടവകാശത്തെയും സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ ജനാധിപത്യ വിശ്വാസികൾ അണിനിരക്കണമെന്നും ആഹ്വാനം ചെയ്തു.
രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ ഉൾപ്പെടെയുള്ള നേതാക്കളെ കസ്റ്റഡിയിലെടുത്ത നടപടിയിൽ പ്രതിഷേധിച്ച് ഒക്ടോബർ 7 ബുധനാഴ്ച കേരളത്തിലെ മുഴുവൻ കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെയും നേതൃത്വത്തിൽ പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കുമെന്നും സണ്ണി ജോസഫ് അറിയിച്ചു.
