2047-ഓടെ വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ രാജ്യം മുന്നേറുകയാണെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. സ്വാതന്ത്ര്യദിന സന്ദേശത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ, വികസനത്തിന്റെ നേട്ടങ്ങൾ സമൂഹത്തിലെ ഓരോ വ്യക്തിയിലേക്കും എത്തിച്ചേരണമെന്നും ആർക്കും നീതി നിഷേധിക്കപ്പെടരുതെന്നും രാഷ്ട്രപതി വ്യക്തമാക്കി.
രാഷ്ട്രനിർമാണത്തിൽ എല്ലാ പൗരന്മാരും പങ്കാളികളാകണമെന്ന് ആഹ്വാനം ചെയ്ത രാഷ്ട്രപതി, ഇന്ത്യയെ നക്സൽ വിമുക്തമാക്കിയത് വലിയ ദേശീയ നേട്ടമാണെന്നും പറഞ്ഞു. ഒരുകാലത്ത് നക്സലിസം ശക്തമായിരുന്ന പ്രദേശങ്ങളിൽ ഇന്ന് വികസനവും പുരോഗതിയും പ്രകടമാണെന്നും അവിടെ സമഗ്ര വികസന പദ്ധതികൾ നടപ്പിലാകുകയാണെന്നും അവർ ചൂണ്ടിക്കാട്ടി.
ഭീകര ശൃംഖലകൾക്കെതിരെ കൃത്യമായ ആക്രമണം നടത്താനുള്ള ഇന്ത്യൻ സായുധ സേനയുടെ കഴിവ് ഓപ്പറേഷൻ സിന്ദൂറിലൂടെ തെളിയിച്ചതായും രാഷ്ട്രപതി പറഞ്ഞു. ഭീകരതയ്ക്ക് പിന്തുണ നൽകുന്ന രാജ്യവുമായി ബന്ധപ്പെട്ട സിന്ധു നദീജല കരാർ താൽക്കാലികമായി മരവിപ്പിച്ച നടപടി ദേശീയ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള നിർണായക തീരുമാനമായിരുന്നുവെന്നും അത് രാജ്യത്തെ കർഷകർക്ക് ഗുണകരമാകുമെന്നും അവർ അഭിപ്രായപ്പെട്ടു.
ആഗോളതലത്തിൽ യുദ്ധവും അസ്ഥിരതയും നിലനിൽക്കുന്ന സാഹചര്യത്തിലും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ശക്തമായ വളർച്ച കൈവരിക്കുകയാണെന്ന് രാഷ്ട്രപതി വ്യക്തമാക്കി. ലോക ശരാശരിയേക്കാൾ ഇരട്ടിയിലധികം വളർച്ചാ നിരക്കാണ് ഇന്ത്യ രേഖപ്പെടുത്തുന്നതെന്നും 25 കോടിയിലധികം ആളുകളെ ദാരിദ്ര്യത്തിൽ നിന്ന് ഉയർത്തിക്കൊണ്ടുവരാൻ രാജ്യത്തിന് കഴിഞ്ഞതായും അവർ പറഞ്ഞു. 80 കോടി ജനങ്ങൾക്ക് സൗജന്യ റേഷൻ പദ്ധതിയിലൂടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കിയതായും രാഷ്ട്രപതി കൂട്ടിച്ചേർത്തു.
സ്വാതന്ത്ര്യദിന സന്ദേശത്തിൽ ഇന്ത്യ-പാകിസ്ഥാൻ വിഭജനത്തിന്റെ ദുരന്തവും രാഷ്ട്രപതി അനുസ്മരിച്ചു. വിഭജനകാലത്ത് ജീവൻ നഷ്ടമായ ലക്ഷക്കണക്കിന് ആളുകളെ ആദരവോടെ സ്മരിക്കുന്നുവെന്നും വർഗീയ കലാപങ്ങളെ തുടർന്ന് കോടിക്കണക്കിന് പേർ അഭയാർഥികളാകേണ്ടി വന്ന വേദനാജനകമായ ചരിത്രം മറക്കാനാകില്ലെന്നും അവർ പറഞ്ഞു.
