നാല് മാസത്തിനിടെ കേരളം എങ്ങനെ ചിന്തിക്കുന്നു എന്നതിന്റെ സൂചന നൽകുന്ന ഗംഭീര വിജയം: എം.ബി രാജേഷ്

തദ്ദേശ സ്ഥാപനങ്ങളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പുകളിലെ ഫലം എൽഡിഎഫിന് അനുകൂലമായ ജനവിധിയാണെന്ന് മന്ത്രി എം.ബി. രാജേഷ്. വെറും മുന്നേറ്റമല്ല, നാല് മാസത്തിനിടെ കേരളം എങ്ങനെ ചിന്തിക്കുന്നു എന്നതിന്റെ സൂചന നൽകുന്ന ഗംഭീര വിജയമാണ് എൽഡിഎഫ് നേടിയതെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

തെക്ക് ചിറയിൻകീഴ് മുതൽ വടക്ക് പെരളശ്ശേരി വരെ യുഡിഎഫിന്റെ സീറ്റുകൾ എൽഡിഎഫ് പിടിച്ചെടുത്തതായി എം.ബി. രാജേഷ് ചൂണ്ടിക്കാട്ടി. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് തുടങ്ങി വിവിധ തലങ്ങളിലെ സീറ്റുകളിലാണ് മുന്നേറ്റമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫ് അംഗങ്ങൾ രാജിവെച്ച അഞ്ച് സീറ്റുകളിൽ രണ്ടെണ്ണം എൽഡിഎഫ് സ്വന്തമാക്കിയതായി അദ്ദേഹം അവകാശപ്പെട്ടു. ചിറ്റൂർ-തത്തമംഗലം മുനിസിപ്പാലിറ്റിയിലെ പരുത്തിക്കാവ് വാർഡിൽ മുൻപ് യുഡിഎഫ് വിജയിച്ചിരുന്ന സീറ്റ് എൽഡിഎഫ് പിടിച്ചെടുത്തതും ശ്രദ്ധേയമാണെന്ന് അദ്ദേഹം വിലയിരുത്തി.

പല സ്ഥലങ്ങളിലും എൽഡിഎഫ് ഭൂരിപക്ഷം വർധിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. പല്ലശ്ശന ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർഥി വി. പൊന്നുക്കുട്ടൻ 10,658 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചതായും, കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് എൽഡിഎഫിന്റെ വോട്ട് വിഹിതം വർധിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ആലത്തൂർ ബ്ലോക്കിലെ അത്തിപ്പൊറ്റ ഡിവിഷനും യുഡിഎഫിൽ നിന്ന് എൽഡിഎഫ് പിടിച്ചെടുത്തതായും അദ്ദേഹം വ്യക്തമാക്കി.

യുഡിഎഫ് സീറ്റുകൾ നിലനിർത്തിയ ചില സ്ഥലങ്ങളിൽ ഭൂരിപക്ഷം ഗണ്യമായി കുറഞ്ഞതായും എം.ബി. രാജേഷ് പറഞ്ഞു. കോഴിക്കോട് കോർപ്പറേഷനിലും കൊച്ചി കോർപ്പറേഷനിലും യുഡിഎഫ് ഭൂരിപക്ഷത്തിൽ കുറവ് രേഖപ്പെടുത്തിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

നാല് മാസത്തിനിടെ ഉണ്ടായ രാഷ്ട്രീയ മാറ്റങ്ങളോടുള്ള ജനങ്ങളുടെ പ്രതികരണമാണ് ഉപതെരഞ്ഞെടുപ്പ് ഫലമെന്നും, സത്യസന്ധവും ധീരവുമായ തിരുത്തൽ നടപടികളിലൂടെ ഇടതുപക്ഷം ജനവിശ്വാസം തിരിച്ചുപിടിക്കുകയാണെന്നും എം.ബി. രാജേഷ് അഭിപ്രായപ്പെട്ടു.

മറുപടി രേഖപ്പെടുത്തുക