തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം യുഡിഎഫ് സർക്കാരിനെതിരായ ജനവികാരത്തിന്റെ പ്രതിഫലനമാണെന്ന് സിപിഐഎം നേതാവ് പിണറായി വിജയൻ. അധികാരത്തിലെത്തി നാല് മാസം പിന്നിടുമ്പോഴേക്കും നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ലഭിച്ച പിന്തുണയിൽ ഇടിവുണ്ടാകുന്നതിന്റെ സൂചനയാണ് ഫലമെന്നും അദ്ദേഹം പറഞ്ഞു.
വൈദ്യുതി, ആരോഗ്യം, സാമൂഹ്യക്ഷേമം തുടങ്ങിയ മേഖലകളിലെ സർക്കാരിന്റെ പ്രവർത്തനങ്ങളെ വിമർശിച്ച പിണറായി വിജയൻ, പത്ത് വർഷത്തിന് ശേഷം സംസ്ഥാനത്ത് പവർകട്ട് തിരിച്ചെത്തിയെന്നും ആരോഗ്യരംഗം പ്രതിസന്ധിയിലാണെന്നും ആരോപിച്ചു. ലൈഫ് പദ്ധതി ഉൾപ്പെടെയുള്ള സാമൂഹ്യക്ഷേമ പദ്ധതികൾ അവതാളത്തിലായെന്നും കിഫ്ബി അടക്കമുള്ള പശ്ചാത്തല വികസന പദ്ധതികൾ ഉപേക്ഷിച്ചെന്നും വിസ്മയമല്ല, കേരളം നേടിയ വികസനത്തിൻ്റെ വിനാശമാണ് ഈ സർക്കാർ എന്ന് ജനം മനസ്സിലാക്കിയെന്നാണ് തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നതെന്നും പറഞ്ഞു.
മുഖ്യമന്ത്രിയും മന്ത്രിമാരും വ്യവസായികളുടെയും അധികാര ദല്ലാളുകളുടെയും സ്പോൺസർഷിപ്പിലൂടെ പദവി ദുരുപയോഗം ചെയ്യുകയാണെന്നും പിണറായി ആരോപിച്ചു. ദുരിതബാധിതർക്ക് ആവശ്യമായ സഹായം എത്തിക്കുന്നതിലും സർക്കാർ പരാജയപ്പെട്ടതായി അദ്ദേഹം വിമർശിച്ചു. വൻകിട കോർപ്പറേറ്റുകൾക്കും മദ്യലോബിക്കും ആനുകൂല്യങ്ങൾ നൽകുകയും സംഘപരിവാർ അജണ്ട നടപ്പാക്കുകയും ചെയ്യുന്ന സർക്കാരായി യുഡിഎഫ് മാറുകയാണെന്നും അദ്ദേഹം ആരോപിച്ചു.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് മുൻതൂക്കമുണ്ടായിരുന്ന പല മേഖലകളിലും ഇത്തവണ എൽഡിഎഫ് മുന്നേറ്റം നടത്തിയതായി പിണറായി വിജയൻ ചൂണ്ടിക്കാട്ടി. യുഡിഎഫിന്റെ ഏഴ് സീറ്റുകൾ എൽഡിഎഫ് പിടിച്ചെടുത്തതായും ഇതിൽ രണ്ട് യുഡിഎഫ് എംഎൽഎമാരുടെ സിറ്റിങ് സീറ്റുകൾ ഉൾപ്പെടുന്നതായും അദ്ദേഹം പറഞ്ഞു.
കോട്ടയം ജില്ലാ പഞ്ചായത്തിലെ തൃക്കൊടിത്താനം ഡിവിഷൻ, ചിറ്റൂർ നഗരസഭയിലെ പരുത്തിക്കാവ് വാർഡ് എന്നിവിടങ്ങളിലെ ഫലവും അദ്ദേഹം ചൂണ്ടിക്കാട്ടി. കോഴിക്കോട് കോർപ്പറേഷനിലെ യുഡിഎഫ് സിറ്റിങ് വാർഡിൽ ഭൂരിപക്ഷം 2,273ൽ നിന്ന് 436 ആയി കുറഞ്ഞതായും തിരുവനന്തപുരം ജില്ലയിൽ യുഡിഎഫിന് മൂന്ന് സീറ്റുകൾ നഷ്ടമായതായും അദ്ദേഹം പറഞ്ഞു.
പാലക്കാട് ജില്ലയിലെ ഏഴ് സീറ്റുകളിൽ അഞ്ചെണ്ണം എൽഡിഎഫ് നേടിയതായും കല്ലറ ഡിവിഷനിൽ യുഡിഎഫിന്റെ ഭൂരിപക്ഷം 5,683ൽ നിന്ന് 3,019 ആയി കുറഞ്ഞതായും പിണറായി വിജയൻ വ്യക്തമാക്കി. കണ്ണൂരിൽ തെരഞ്ഞെടുപ്പ് നടന്ന രണ്ട് സീറ്റുകളിലും എൽഡിഎഫ് വിജയിച്ചതായും അതിൽ ഒരു സീറ്റ് യുഡിഎഫിൽ നിന്ന് പിടിച്ചെടുത്തതായും അദ്ദേഹം പറഞ്ഞു. കോട്ടയം, പാലക്കാട് ജില്ലകളിലും യുഡിഎഫിൽ നിന്ന് രണ്ട് സീറ്റുകൾ വീതം എൽഡിഎഫ് പിടിച്ചെടുത്തതായി അദ്ദേഹം അവകാശപ്പെട്ടു.
യുഡിഎഫ് സർക്കാരിന്റെ നയങ്ങളോടുള്ള ജനങ്ങളുടെ പ്രതിഷേധമാണ് ഉപതെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചതെന്ന് പിണറായി വിജയൻ പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പിന് പിന്നാലെ ഇടതുപക്ഷം ദുർബലമായെന്ന് വിമർശിച്ചവർക്കുള്ള മറുപടിയാണ് ഫലമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രതിസന്ധികളിൽ തളരാതെ ജനങ്ങൾക്കൊപ്പം പ്രവർത്തിക്കുന്ന ഇടതുപക്ഷത്തിന് കൂടുതൽ ഊർജം നൽകുന്നതാണ് ഉപതെരഞ്ഞെടുപ്പ് ഫലമെന്നും ജനവിശ്വാസം തിരിച്ചുപിടിക്കാൻ കൂടുതൽ ശക്തമായി പ്രവർത്തിക്കുമെന്നും പിണറായി വിജയൻ പറഞ്ഞു.
