തോൽവി മറയ്ക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷനെ ആക്രമിക്കുന്നു; കോൺഗ്രസിനെതിരെ സ്മൃതി ഇറാനി

തിരഞ്ഞെടുപ്പ് കമ്മിഷനെ ലക്ഷ്യമിട്ടുള്ള കോൺഗ്രസ് വിമർശനത്തിനെതിരെ ബിജെപി ദേശീയ ജനറൽ സെക്രട്ടറി സ്മൃതി ഇറാനി. ജനങ്ങൾ കോൺഗ്രസിനെ പിന്തുണയ്ക്കാത്തതിനാലാണ് പാർട്ടി തിരഞ്ഞെടുപ്പ് തോൽവി മറച്ചുവെക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷനെ ആക്രമിക്കുന്നതെന്ന് ഇറാനി ആരോപിച്ചു.

ന്യൂഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. ബ്രിട്ടീഷ് സാമ്രാജ്യം സംരക്ഷിക്കുന്നതിനായി സ്ഥാപിതമായ കോൺഗ്രസ് പാർട്ടി ഇന്ന് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ രംഗത്തുവരുന്നത് വിരോധാഭാസമാണെന്നും ഇറാനി പറഞ്ഞു. ഇതിൽക്കാൾ ലജ്ജാകരമായ മറ്റൊന്നില്ലെന്നും അവർ ആരോപിച്ചു.

കോൺഗ്രസ് ആത്മപരിശോധന നടത്തണമെന്നും ബിജെപി അധികാരത്തിലില്ലാത്ത ഹിമാചൽ പ്രദേശ്, പഞ്ചാബ്, കേരളം, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ പാർട്ടി തിരഞ്ഞെടുപ്പ് കമ്മിഷന് ‘ക്ലീൻ ചിറ്റ്’ നൽകുന്നുണ്ടോയെന്ന് വ്യക്തമാക്കണമെന്നും ഇറാനി ചോദിച്ചു.

വോട്ടർ പട്ടികയിലെ പേരുകളുടെ ഇരട്ടിപ്പ് നിലനിർത്താൻ കോൺഗ്രസ് എന്തുകൊണ്ടാണ് ആഗ്രഹിക്കുന്നതെന്നും അവർ ചോദ്യം ഉന്നയിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷനെതിരായ പ്രതിപക്ഷ പാർട്ടിയുടെ നിലപാടിൽ ഇരട്ടത്താപ്പുണ്ടെന്നും ഇറാനി ആരോപിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിക്കുകയോ രാഷ്ട്രീയമായി ആക്രമിക്കുകയോ ചെയ്യുന്നതിൽ പ്രശ്നമില്ലെന്നും എന്നാൽ ഇത്തരം വിമർശനങ്ങൾ ഭരണഘടനാ സ്ഥാപനങ്ങൾക്കും രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തിനുമെതിരായ ആക്രമണമായി മാറരുതെന്നും മോദി പലതവണ വ്യക്തമാക്കിയിട്ടുണ്ടെന്നും സ്മൃതി ഇറാനി പറഞ്ഞു.

മറുപടി രേഖപ്പെടുത്തുക