മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം തുടരുന്നതിനിടെ കോൺഗ്രസിനെ പരിഹസിച്ച് സിജെപി വക്താവ് സൗരവ് ദാസ്. ബിജെപിയെ കൂടാതെ രാജ്യത്തെ രക്ഷിക്കാനും ഭരണഘടന സംരക്ഷിക്കാനും തങ്ങളുടെ മാത്രം കടമയാണെന്ന് കരുതുന്ന മറ്റൊരു പാർട്ടിയുണ്ടെന്നും അത് കോൺഗ്രസാണെന്നുമുള്ള തരത്തിലാണ് സൗരവ് ദാസിന്റെ വിമർശനം.
കോൺഗ്രസിന്റെ പേര് നേരിട്ട് പരാമർശിക്കാതെയാണ് സൗരവ് ദാസ് വിമർശനം ഉന്നയിച്ചത്. കോൺഗ്രസ് സ്വയം പ്രഖ്യാപിത ലിബറലുകളുടെയും ഭരണഘടനാ സംരക്ഷകരുടെയും കൂട്ടായ്മയാണെന്നും ബിജെപിയെ കൂടാതെ ഇന്ത്യയുടെ ജനാധിപത്യത്തിന്റെ സംരക്ഷകർ തങ്ങളാണെന്നാണ് അവർ കരുതുന്നതെന്നും അദ്ദേഹം പരിഹസിച്ചു.
കോൺഗ്രസും സിജെപിയും തമ്മിലുള്ള രാഷ്ട്രീയ വാക്‌പോര് ശക്തമാകുന്നതിന്റെ സൂചനയായാണ് സിജെപി നേതാക്കളുടെ പ്രതികരണങ്ങൾ വിലയിരുത്തപ്പെടുന്നത്. സിജെപി വക്താവ് സൗരവ് ദാസിന് പിന്നാലെ കോ-കൺവീനർ അശുതോഷ് റാങ്കയും കോൺഗ്രസിനെതിരെ വിമർശനം ഉന്നയിച്ചു.
സിജെപി സ്ഥാപകൻ അഭിജിത് ദിപ്‌കെ ലക്ഷക്കണക്കിന് ഇന്ത്യക്കാരെ സ്വാധീനിക്കുന്ന നേതാവായി വളരുന്നതിനെ തരംതാഴ്ത്താൻ ‘സ്വയം പ്രഖ്യാപിത ലിബറൽ ഇക്കോസിസ്റ്റം’ ശ്രമിക്കുകയാണെന്ന് അശുതോഷ് റാങ്ക എക്‌സിൽ കുറിച്ചു. ‘എക്‌സിൽ മാത്രം പ്രവർത്തിക്കുന്ന’ ഈ കൂട്ടായ്മ രാജ്യത്തെ ജനാധിപത്യത്തിന്റെ സംരക്ഷകർ തങ്ങളാണെന്ന് കരുതുന്നതാണ് ഏറ്റവും വലിയ തമാശയെന്നും അദ്ദേഹം പരിഹസിച്ചു.
അതേസമയം, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് സിജെപി നേതാക്കളുടെ പ്രതികരണങ്ങളും രാഷ്ട്രീയ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുന്നത്.
