സംസ്ഥാനത്തെ ഐടി വകുപ്പിന്റെ പേര് മാറ്റി സർക്കാർ ഉത്തരവിറക്കി. ഇനി മുതൽ ‘ഡിപ്പാർട്ട്മെന്റ് ഓഫ് ഇൻഫർമേഷൻ ടെക്നോളജി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഫ്യൂച്ചർ ടെക്നോളജീസ്’ എന്നായിരിക്കും വകുപ്പിന്റെ പേര്. വിവരസാങ്കേതികവിദ്യ, നിർമിതബുദ്ധി, ഭാവി സാങ്കേതികവിദ്യാ വകുപ്പ് എന്നാണ് ഇതിന്റെ മലയാള നാമകരണം.
വകുപ്പിന്റെ ചുമതലകളും പ്രവർത്തന മേഖലകളും ഗണ്യമായി വികസിച്ച സാഹചര്യത്തിലാണ് പേരുമാറ്റത്തിന് സർക്കാർ തീരുമാനിച്ചത്. ടെക്നോപാർക്ക്, ഇൻഫോപാർക്ക്, സൈബർപാർക്ക് തുടങ്ങിയ പരമ്പരാഗത ഐടി, ഐടിഇഎസ് മേഖലകൾക്ക് പുറമെ അത്യാധുനിക സാങ്കേതികവിദ്യാ മേഖലകളിലേക്കും വകുപ്പിന്റെ പ്രവർത്തനം വ്യാപിപ്പിച്ചിട്ടുണ്ട്.
നിർമിതബുദ്ധി, ഇലക്ട്രോണിക്സ്, സെമികണ്ടക്ടർ, ക്വാണ്ടം കമ്പ്യൂട്ടിംഗ്, ബ്ലോക്ക്ചെയിൻ, സൈബർ സുരക്ഷ, ഇന്റർനെറ്റ് ഓഫ് തിങ്സ്, റോബോട്ടിക്സ്, ഡ്രോണുകൾ, ബഹിരാകാശ സാങ്കേതികവിദ്യ, ക്ലൗഡ് കമ്പ്യൂട്ടിംഗ്, എവിജിസി-എക്സ്ആർ, ഗ്രാഫീൻ, ഡീപ്-ടെക് സംരംഭങ്ങൾ തുടങ്ങിയ മേഖലകളിലെ പദ്ധതികളും നിലവിൽ വകുപ്പിന് കീഴിൽ ഏകോപിപ്പിക്കുന്നുണ്ട്.
വകുപ്പിന്റെ വിപുലമായ പ്രവർത്തന മേഖലകളെ നിലവിലുണ്ടായിരുന്ന പേര് പൂർണമായി പ്രതിഫലിപ്പിക്കുന്നില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ നാമകരണം. മുഖ്യമന്ത്രിയുടെയും മന്ത്രിസഭയുടെയും തീരുമാനത്തെ തുടർന്ന് സ്പെഷ്യൽ സെക്രട്ടറി സീറാം സാംബശിവ റാവു ഐഎഎസ് ആണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
പുതിയ പേരിനനുസരിച്ച് സർക്കാരിന്റെ കാര്യനിർവഹണച്ചട്ടങ്ങളിൽ ആവശ്യമായ ഭേദഗതി വരുത്താൻ പൊതുഭരണ വകുപ്പിനും നിർദേശം നൽകിയിട്ടുണ്ട്.
