സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം ഓരോ പൗരന്റെയും ഭരണഘടനാപരമായ അവകാശം; ജന്തർ മന്തറിലെ പൊലീസ് നടപടിക്ക് സുപ്രീംകോടതിയുടെ വിമർശനം

ജന്തർ മന്തറിൽ നടന്ന സിജെപി നേതൃത്വത്തിലുള്ള വിദ്യാർഥി പ്രതിഷേധത്തിനിടെ പൊലീസ് സ്വീകരിച്ച നടപടികൾക്കെതിരെ സുപ്രീംകോടതിയുടെ കടുത്ത വിമർശനം. സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം ഓരോ പൗരന്റെയും ഭരണഘടനാപരമായ അവകാശമാണെന്നും അതിനെ നിഷേധിക്കാനാവില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

പ്രതിഷേധം ഉണ്ടെന്ന കാരണത്താൽ മാത്രം പൊലീസ് അമിതബലം പ്രയോഗിക്കുന്നത് ന്യായീകരിക്കാനാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. രാജ്യത്തുടനീളമുള്ള പ്രതിഷേധങ്ങൾ കൈകാര്യം ചെയ്യുന്നതിനായി ഏകീകൃത പൊലീസ് പ്രോട്ടോക്കോൾ രൂപീകരിക്കേണ്ടതിന്റെ ആവശ്യകതയും സുപ്രീംകോടതി മുന്നോട്ടുവച്ചു.

“പ്രക്ഷോഭങ്ങളിൽ സാമൂഹിക വിരുദ്ധരുടെ സാന്നിധ്യം ഉണ്ടെങ്കിൽ അത് തിരിച്ചറിഞ്ഞ് നടപടി സ്വീകരിക്കേണ്ടത് പൊലീസിന്റെ ഉത്തരവാദിത്തമാണ്. എന്നാൽ പ്രതിഷേധം നടക്കുന്നു എന്ന കാരണത്താൽ ലാത്തിച്ചാർജ് നടത്തുകയോ ബലം പ്രയോഗിക്കുകയോ ചെയ്യേണ്ട സാഹചര്യമില്ല. പൊലീസ് സേനയും സ്വയം അച്ചടക്കം പാലിക്കേണ്ടത് അനിവാര്യമാണ്,” കോടതി നിരീക്ഷിച്ചു.

ജന്തർ മന്തറിൽ വിദ്യാർഥികൾക്കെതിരെ നടന്നതായി ആരോപിക്കപ്പെടുന്ന പൊലീസ് അതിക്രമം ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിലാണ് സുപ്രീംകോടതിയുടെ പരാമർശം. സമാധാനപരമായി നടത്തിയ മാർച്ചിന് നേരെ ലാത്തിച്ചാർജും കണ്ണീർവാതക പ്രയോഗവും ഉണ്ടായെന്നാണ് ഹർജിക്കാരുടെ ആരോപണം.

രാജ്യവ്യാപകമായി നടന്ന പ്രതിഷേധങ്ങളിലെ പൊലീസ് നടപടികൾ സംബന്ധിച്ച് സ്വതന്ത്ര അന്വേഷണം നടത്തണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിഷേധത്തിൽ പങ്കെടുത്ത വിദ്യാർഥിനികൾക്കെതിരെ പുരുഷ പൊലീസ് ഉദ്യോഗസ്ഥർ ബലം പ്രയോഗിച്ചെന്നും പെല്ലറ്റ് ഗൺ ഉൾപ്പെടെയുള്ള മാർഗങ്ങൾ ഉപയോഗിച്ച് ആക്രമണം നടത്തിയെന്നുമുള്ള ഗുരുതര ആരോപണങ്ങളും ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്.

ഇതിനുമുമ്പ് സമരവുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നതിനിടെ, സമരക്കാർ പുറത്തുവിട്ട വീഡിയോകൾ കാണാൻ സമയമില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നടത്തിയ പരാമർശം വിവാദമായിരുന്നു. പിന്നാലെ, ആവശ്യമായ രേഖകളും വ്യക്തമായ ഹർജിയും ലഭിക്കാത്ത സാഹചര്യത്തിലാണ് വിഷയം അന്ന് വിശദമായി പരിഗണിക്കാതിരുന്നതെന്ന് അദ്ദേഹം വിശദീകരിച്ചിരുന്നു.

വിദ്യാർഥി പ്രതിഷേധങ്ങളെയും അവയ്ക്കെതിരായ പൊലീസ് നടപടികളെയും കുറിച്ചുള്ള ചർച്ചകൾ രാജ്യത്ത് ശക്തമാകുന്നതിനിടെയാണ് സുപ്രീംകോടതിയുടെ ഈ നിർണായക നിരീക്ഷണങ്ങൾ പുറത്തുവന്നത്.

മറുപടി രേഖപ്പെടുത്തുക