മോദി ജയിച്ച വാരണാസി ലോക്സഭാ തെരഞ്ഞെടുപ്പ് റദ്ദാക്കി വീണ്ടും നടത്തണം; കോൺഗ്രസ് പ്രതിഷേധം

2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നെന്ന ആരോപണവുമായി വാരണാസിയിൽ കോൺഗ്രസ് പ്രതിഷേധം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലോക്സഭാ മണ്ഡലമായ വാരണാസിയിൽ നടന്ന പ്രകടനത്തിൽ തെരഞ്ഞെടുപ്പ് റദ്ദാക്കി വീണ്ടും വോട്ടെടുപ്പ് നടത്തണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെട്ടത്.

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ മുദ്രാവാക്യം വിളിച്ചാണ് കോൺഗ്രസ് പ്രവർത്തകർ ബി.ആർ. അംബേദ്കർ പ്രതിമയ്ക്ക് സമീപം പ്രതിഷേധിച്ചത്. തുടർന്ന് കളക്ടറേറ്റിലേക്കും പ്രവർത്തകർ പ്രകടനം നടത്തി.

കോൺഗ്രസ് ജില്ലാ യൂണിറ്റ് പ്രസിഡന്റ് രാജേശ്വർ സിംഗ് പട്ടേലിന്റെയും മഹാനഗർ കോൺഗ്രസ് കമ്മിറ്റി മേധാവി രാഘവേന്ദ്ര ചൗബെയുടെയും നേതൃത്വത്തിലായിരുന്നു പ്രതിഷേധം. നൂറുകണക്കിന് പ്രവർത്തകർ പരിപാടിയിൽ പങ്കെടുത്തു.

2024ലെ വാരണാസി ലോക്സഭാ തെരഞ്ഞെടുപ്പിൽ വലിയ തോതിൽ ക്രമക്കേടുകൾ നടന്നുവെന്നാണ് രാജേശ്വർ സിംഗ് പട്ടേലിന്റെ ആരോപണം. തെരഞ്ഞെടുപ്പ് റദ്ദാക്കി വീണ്ടും വോട്ടെടുപ്പ് നടത്തണമെന്നും സംഭവത്തിൽ നിഷ്പക്ഷവും സ്വതന്ത്രവുമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പ് നടപടികളുമായി ബന്ധപ്പെട്ട ആരോപണങ്ങൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം സംഘടിപ്പിച്ചതെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി.

മറുപടി രേഖപ്പെടുത്തുക