മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ നിർഭയത്വത്തിന്റെ സമീപനം ശക്തമായതെന്ന് മുൻ താരം വീരേന്ദർ സെവാഗ്. ‘റൈസ് & ഫാൾ’ എന്ന സ്ട്രീമിംഗ് റിയാലിറ്റി ഷോയുടെ രണ്ടാം സീസണിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ഐഎഎൻഎസിനോട് സംസാരിക്കുകയായിരുന്നു സെവാഗ്.
സൗരവ് ഗാംഗുലിയുടെ ചിന്താഗതി വളരെ ലളിതമായിരുന്നുവെന്ന് സെവാഗ് പറഞ്ഞു. എതിരാളികൾ കളിക്കുന്ന രീതിയിൽ തന്നെയാണ് തങ്ങളും പ്രതികരിക്കേണ്ടതെന്നും, അതിൽ കൂടുതലോ കുറവോ ഒന്നും വേണ്ടെന്നുമായിരുന്നു ഗാംഗുലിയുടെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.
“ഒരു നിർഭയ ടീമിനെ സൃഷ്ടിച്ചതിന്റെ മുഴുവൻ ക്രെഡിറ്റും ദാദയ്ക്ക് നൽകണം. ക്യാപ്റ്റനായി ചുമതലയേറ്റപ്പോൾ, എതിരാളി കളിക്കുന്ന കളി ഞങ്ങളും കളിക്കുമെന്ന് അദ്ദേഹം വ്യക്തമായി പറഞ്ഞിരുന്നു,” സെവാഗ് പറഞ്ഞു.
“ഓസ്ട്രേലിയക്കാർ നമ്മോട് മോശമായി പെരുമാറിയാൽ തിരിച്ചും അതേ രീതിയിൽ പ്രതികരിക്കും. മൈതാനത്ത് ആരെങ്കിലും നമ്മോട് സ്നേഹവും ബഹുമാനവും കാണിച്ചാൽ അതിന് അതേ രീതിയിൽ മറുപടി നൽകും. ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ രൂപപ്പെടുത്തിയ പ്രധാന ശിൽപികളിൽ ഒരാളാണ് ദാദ,” എന്നും സെവാഗ് കൂട്ടിച്ചേർത്തു.
അന്താരാഷ്ട്ര മത്സരങ്ങളിൽ പരമാവധി വിജയങ്ങൾ നേടുക എന്നതായിരുന്നു ഗാംഗുലിയുടെ കാലത്തെ ഇന്ത്യൻ ടീമിന്റെ പ്രധാന ലക്ഷ്യമെന്നും സെവാഗ് നേരത്തെ പറഞ്ഞിരുന്നു. വിദേശ മണ്ണിൽ ഉൾപ്പെടെ മത്സരങ്ങൾ ജയിക്കാനുള്ള ആത്മവിശ്വാസം ടീമിൽ വളർത്തുന്നതിൽ ഗാംഗുലിയുടെ നേതൃത്വത്തിന് നിർണായക പങ്കുണ്ടായിരുന്നുവെന്ന വിലയിരുത്തലാണ് സെവാഗ് പങ്കുവെച്ചത്.
അതേസമയം, ‘റൈസ് & ഫാൾ’ റിയാലിറ്റി ഷോയുടെ രണ്ടാം സീസണിൽ അഷ്നീർ ഗ്രോവറിൽ നിന്ന് അവതാരകന്റെ ചുമതല ഏറ്റെടുത്തിരിക്കുകയാണ് വീരേന്ദർ സെവാഗ്. 42 ദിവസങ്ങളിലായി 15 മത്സരാർത്ഥികൾ മാറ്റുരയ്ക്കുന്ന ഷോയിൽ ശക്തി, തന്ത്രം, സഖ്യങ്ങൾ, മാറിമറിയുന്ന ഭാഗ്യങ്ങൾ എന്നിവയാണ് പ്രധാന ഘടകങ്ങൾ.
ഷോയിൽ മത്സരാർത്ഥികളെ ‘റൂളേഴ്‌സ്’, ‘വർക്കേഴ്‌സ്’ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ടവറിൽ നിന്ന് ഗെയിം നിയന്ത്രിക്കുന്നവരാണ് റൂളേഴ്‌സ്. ബേസ്മെന്റിൽ കഴിയുന്ന വർക്കേഴ്‌സിന് മുന്നിലെത്താനുള്ള അവസരങ്ങൾക്കായി മത്സരിക്കണം. രണ്ടാം സീസണിൽ പ്രേക്ഷക പങ്കാളിത്തത്തിനും കൂടുതൽ പ്രാധാന്യമുണ്ട്. ആരാണ് റൂളറാകേണ്ടതെന്നും വർക്കറാകേണ്ടതെന്നും തീരുമാനിക്കുന്നതിൽ പ്രേക്ഷകർക്കും സ്വാധീനമുണ്ട്.
ബനിജയ് ഏഷ്യ നിർമിച്ച ‘റൈസ് & ഫാൾ’ ആമസോൺ എംഎക്സ് പ്ലെയറിലാണ് സ്ട്രീം ചെയ്യുന്നത്.
