തിരുവനന്തപുരം: രാജ്യത്തെ ആദ്യ ഐടി പാർക്കായ ടെക്നോപാർക്ക് 2025-26 സാമ്പത്തിക വർഷത്തിൽ സോഫ്റ്റ്വെയർ കയറ്റുമതിയിൽ പുതിയ നേട്ടം കൈവരിച്ചു. മുൻവർഷത്തെ അപേക്ഷിച്ച് 17.3 ശതമാനം വളർച്ച രേഖപ്പെടുത്തി 17,092 കോടി രൂപയുടെ കയറ്റുമതി വരുമാനമാണ് ടെക്നോപാർക്ക് സ്വന്തമാക്കിയത്. 2024-25 സാമ്പത്തിക വർഷത്തിലെ 14,575 കോടി രൂപയിൽ നിന്നാണ് കയറ്റുമതി വരുമാനം ഈ നിലയിലേക്ക് ഉയർന്നത്.
കേരളത്തിന്റെ ഐടി മേഖലയിലെ വളർച്ചയുടെ ശക്തമായ സൂചകമാണ് ഈ നേട്ടമെന്ന് ടെക്നോപാർക്ക് സിഇഒ സന്ദീപ് കുമാർ പറഞ്ഞു. ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ, മികച്ച നൈപുണ്യമുള്ള ഐടി പ്രൊഫഷണലുകൾ, നൂതന ആശയങ്ങൾക്ക് അനുകൂലമായ അന്തരീക്ഷം എന്നിവയാണ് ഈ വളർച്ചയ്ക്ക് പിന്നിലെ പ്രധാന ഘടകങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ വർഷം ടെക്നോപാർക്കിലെ നിരവധി കമ്പനികൾ ബിസിനസ് വളർച്ച, നവീകരണം, തൊഴിൽമേഖലയിലെ മികവ് എന്നിവയ്ക്ക് ദേശീയ-അന്തർദേശീയ തലത്തിൽ അംഗീകാരങ്ങൾ നേടിയിരുന്നു. അതോടൊപ്പം രാജ്യത്തെ അതിവേഗം വളരുന്ന സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റങ്ങളിലൊന്നായി ടെക്നോപാർക്ക് മാറിയതും വളർച്ചയ്ക്ക് കരുത്തേകി.
കഴക്കൂട്ടം മുതൽ കോവളം വരെയുള്ള ഐടി ഇടനാഴിയിൽ വ്യാപിച്ചുകിടക്കുന്ന ടെക്നോപാർക്ക് നിലവിൽ രാജ്യത്തെ ഏറ്റവും വലിയ ഐടി ഹബ്ബുകളിലൊന്നാണ്. ഒന്നാം, രണ്ടാം, മൂന്നാം ഘട്ടങ്ങൾക്കൊപ്പം നാലാം ഘട്ടമായ ടെക്നോസിറ്റിയുൾപ്പെടെയുള്ള വികസന പദ്ധതികൾ പുരോഗമിക്കുകയാണ്. 768.63 ഏക്കർ വിസ്തൃതിയിൽ 13.147 ദശലക്ഷം ചതുരശ്ര അടി നിർമാണ വിസ്തീർണമുള്ള പാർക്കിൽ 540 ഐടി, ഐടി ഇതര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നു.
ടെക്നോപാർക്കിലൂടെ നിലവിൽ 84,000 നേരിട്ടുള്ള തൊഴിലവസരങ്ങളും രണ്ടുലക്ഷത്തിലധികം പരോക്ഷ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഇതിലൂടെ രാജ്യത്തെ പ്രമുഖ സാങ്കേതിക കേന്ദ്രങ്ങളിലൊന്നെന്ന സ്ഥാനം ടെക്നോപാർക്ക് കൂടുതൽ ശക്തിപ്പെടുത്തുകയാണ്.
അതേസമയം, ടെക്നോപാർക്കിന്റെ എൻജിനീയറിങ് ലബോറട്ടറിക്ക് നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ടെസ്റ്റിങ് ആൻഡ് കാലിബ്രേഷൻ ലബോറട്ടറീസിന്റെ (NABL) അംഗീകാരം ലഭിച്ചതും ശ്രദ്ധേയ നേട്ടമായി. ഈ അംഗീകാരം നേടുന്ന രാജ്യത്തെ ആദ്യ ഐടി പാർക്കായി ടെക്നോപാർക്ക് മാറി. നിർമാണ സാമഗ്രികളുടെ ഗുണനിലവാര പരിശോധനയ്ക്കും അടിസ്ഥാന സൗകര്യ വികസനത്തിന്റെ നിലവാരം ഉറപ്പാക്കുന്നതിനും ഈ അംഗീകാരം സഹായകമാകുമെന്ന് അധികൃതർ അറിയിച്ചു.
