തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് കേരളത്തില്‍ ഭരണം ലഭിക്കാനുള്ള സാഹചര്യമുണ്ട്; ചില നേതാക്കളുടെ നിലപാട് അത് നശിപ്പിക്കും: കെ സുധാകരൻ

നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ കോൺഗ്രസിന് അധികാരത്തിൽ എത്താനുള്ള സാഹചര്യമുണ്ടെന്ന് മുതിർന്ന നേതാവ് കെ. സുധാകരൻ പറഞ്ഞു. എന്നാൽ പാർട്ടിയിലെ ചില നേതാക്കളുടെ നിലപാടുകൾ ആ സാധ്യതയെ ബാധിക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. മാതൃഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു സുധാകരന്റെ പ്രതികരണം.

താൻ പാർട്ടിക്ക് വിധേയനാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശം താൻ പൂര്‍ണമായി അംഗീകരിക്കുന്നുവെന്നും, അത് തനിക്ക് പ്രോത്സാഹനമാണെന്നും സുധാകരൻ പറഞ്ഞു. പിണറായി പറഞ്ഞതുകൊണ്ട് മാത്രം ഒരു കാര്യത്തെയും എതിർക്കേണ്ടതില്ലെന്നും, അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ യാഥാർത്ഥ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയോടുള്ള അനാവശ്യ വൈരാഗ്യം വേണ്ടെന്നും, നേരിൽ കണ്ടാൽ സംസാരിക്കാറുണ്ടെന്നും സുധാകരൻ വ്യക്തമാക്കി.

നിയമസഭാ തിരഞ്ഞെടുപ്പിൽ കണ്ണൂരിൽ മത്സരിക്കാനായിരുന്നു തന്റെ ആഗ്രഹമെന്നും, എന്നാൽ ആരോ നൽകിയ പരാതിയാണ് അതിന് തടസ്സമായതെന്നും സുധാകരൻ പറഞ്ഞു. പരാതി നൽകിയവരെ തനിക്ക് അറിയാമെങ്കിലും ഇപ്പോൾ അതിനെ കുറിച്ച് കൂടുതൽ പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുമായി നേരിട്ട് ഇടപെടാനാകുന്നതുകൊണ്ടാണ് നിയമസഭയോടുള്ള കൂടുതൽ താൽപര്യമെന്നും, മന്ത്രിയാകാൻ ആഗ്രഹമുണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

പാർട്ടിക്കകത്ത് വ്യക്തമായ ശത്രുക്കൾ ഇല്ലെന്നും, താൻ ഒരിക്കലും ബിജെപിയിൽ ചേരില്ലെന്നും സുധാകരൻ ഉറപ്പിച്ചു. കോൺഗ്രസ് പാരമ്പര്യമുള്ള കുടുംബത്തിലാണ് താൻ വളർന്നതെന്നും, ബാല്യത്തിൽ തന്നെ പാർട്ടിയുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയിൽ ചേർക്കാൻ ആരും സമീപിച്ചിട്ടില്ലെന്നും, അത്തരം ധൈര്യമുള്ള നേതാക്കൾ ഇവിടെ ഇല്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

മറുപടി രേഖപ്പെടുത്തുക