തമിഴ്നാട്ടിൽ എംഎൻഎം മത്സരിക്കില്ല; ഡിഎംകെ മുന്നണിക്ക് പിന്തുണ പ്രഖ്യാപിച്ച് കമൽ ഹാസൻ

തമിഴ്നാട്ടിൽ മക്കൾ നീതി മയ്യം (എംഎൻഎം) ഇത്തവണ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് അധ്യക്ഷൻ കമൽ ഹാസൻ അറിയിച്ചു. പകരം ഡിഎംകെ നേതൃത്വത്തിലുള്ള മുന്നണിക്കായി പ്രവർത്തിക്കാനാണ് പാർട്ടിയുടെ തീരുമാനം. ഡിഎംകെ രണ്ട് സീറ്റുകൾ നൽകാമെന്ന് നിർദേശിച്ചിരുന്നുവെങ്കിലും, പാർട്ടി ചിഹ്നമായ ഉദയസൂര്യനിൽ മത്സരിക്കണമെന്ന നിബന്ധന മക്കൾ നീതി മയ്യം അംഗീകരിച്ചില്ല. ഇതോടെയാണ് മത്സരത്തിൽ നിന്ന് പിന്മാറാനുള്ള തീരുമാനം കൈക്കൊണ്ടത്.

പാർട്ടി രൂപീകരിച്ചതുമുതൽ തമിഴ്നാട്ടിൽ സ്വതന്ത്രമായി മത്സരിച്ചിരുന്ന എംഎൻഎം ഇത്തവണയാണ് ഡിഎംകെ മുന്നണിയോട് കൈകോർക്കുന്നത്. മുന്നണി ധാരണയുടെ ഭാഗമായി എംഎൻഎമ്മിന് ഒരു രാജ്യസഭാ സീറ്റ് നൽകിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ രണ്ട് സീറ്റുകൾ നൽകാമെന്ന ചർച്ചകളും നടന്നിരുന്നു. എന്നാൽ ചിഹ്നവുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കാനാകാതിരുന്നതോടെ തീരുമാനം മാറുകയായിരുന്നു.

ഡിഎംകെ ആസ്ഥാനത്ത് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് മത്സരിക്കാനില്ലെന്ന അന്തിമ നിലപാട് കമൽ ഹാസൻ അറിയിച്ചത്. രാഷ്ട്രീയം വ്യക്തിപരമായ സ്വാർത്ഥതയ്ക്കായി ഉപയോഗിക്കേണ്ടതല്ലെന്നും, ഡിഎംകെ സഖ്യത്തിന്റെ വിജയത്തിനായി എല്ലാ മണ്ഡലങ്ങളിലും പ്രവർത്തകർ സജീവമായി പ്രവർത്തിക്കണമെന്നും കമൽ ഹാസൻ പറഞ്ഞു.

മറുപടി രേഖപ്പെടുത്തുക