പരമ്പരാഗത കാഞ്ചി സിൽക്ക് സാരി, മുടിയിൽ മുല്ലപ്പൂ, വജ്രങ്ങൾ, മാണിക്യ മാല; ആകർഷണമായി സത്യപ്രതിജ്ഞാ ചടങ്ങിൽ തൃഷ

ടിവികെ അധ്യക്ഷന്‍ വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ചടങ്ങില്‍ ശ്രദ്ധാകേന്ദ്രമായി മാറിയത് നടി തൃഷ കൃഷ്ണന്റെ സാന്നിധ്യമായിരുന്നു. ഞായറാഴ്ച ചെന്നൈയിലെ നടന്ന ചടങ്ങില്‍ പരമ്പരാഗത നീല കാഞ്ചി സില്‍ക്ക് സാരിയണിഞ്ഞ് എത്തിയ തൃഷ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. മുടിയിൽ മുല്ലപ്പൂവും വജ്ര-മാണിക്യാഭരണങ്ങളും ചേര്‍ന്ന ലുക്കായിരുന്നു താരത്തിന്റേത്. തൃഷയുടെ അമ്മ ഉമ കൃഷ്ണനും ചടങ്ങില്‍ പങ്കെടുത്തു.

ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷിയാകാനായതില്‍ ഏറെ സന്തോഷമുണ്ടെന്ന് ചടങ്ങിന് മുമ്പ് തൃഷ പ്രതികരിച്ചിരുന്നു. ടിവികെയുടെ വിജയത്തിന് പിന്നാലെ തൃഷ വിജയിനെ തുറന്നുപിന്തുണച്ചതും ശ്രദ്ധേയമായിരുന്നു.

അടുത്തിടെ നടന്ന തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ടിവികെ 108 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി ഉയര്‍ന്നിരുന്നു. ദശാബ്ദങ്ങളായി തമിഴ്നാട് രാഷ്ട്രീയത്തില്‍ മേല്‍ക്കൈ പുലര്‍ത്തിയിരുന്ന ഡിഎംകെയും എഐഎഡിഎംകെയും പിന്നിലാക്കിയാണ് വിജയ് ശ്രദ്ധേയ മുന്നേറ്റം നടത്തിയത്.

തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ദിവസം തിരുപ്പതിയില്‍ പ്രത്യേക പൂജകള്‍ നടത്തിയ തൃഷ, പിന്നീട് വിജയിന്റെ ചെന്നൈയിലെ വസതിയിലും എത്തിയിരുന്നു. വോട്ടെടുപ്പ് ദിനത്തില്‍ ‘ഗില്ലി’ സിനിമയുടെ പശ്ചാത്തല സംഗീതത്തോടൊപ്പം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച പോസ്റ്റും ഏറെ ചര്‍ച്ചയായി.

അതേസമയം, വിജയിന്റെ ഭാര്യ സംഗീത വിവാഹമോചനത്തിന് അപേക്ഷ നല്‍കിയെന്ന വാര്‍ത്തകള്‍ക്കുപിന്നാലെ വിജയ്-തൃഷ ബന്ധത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളും ശക്തമായിരുന്നു . ഇതുസംബന്ധിച്ച് ഇരുവരും ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ലെങ്കിലും, പല വേദികളിലും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി. മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ തൃഷയുടെ സാന്നിധ്യവും ഇപ്പോള്‍ വലിയ ചര്‍ച്ചയ്ക്കാണ് വഴിവെച്ചിരിക്കുന്നത്.

മറുപടി രേഖപ്പെടുത്തുക