മുംബൈ ഐപിഎല്ലിൽ നിന്നും പുറത്തായ പിന്നാലെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ വിവാദം; ചർച്ചയായി ഹാർദിക് പാണ്ഡ്യ

മുൻ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ് ഐപിഎൽ 2026 സീസണിൽ പ്ലേഓഫിലെത്താതെ പുറത്തായി. നിർണായക മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനോട് അവസാന പന്തിൽ രണ്ട് വിക്കറ്റിന് തോറ്റതോടെയാണ് മുംബൈയുടെ പോരാട്ടം അവസാനിച്ചത്. ഇതിന് പിന്നാലെ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ മുംബൈ ഇന്ത്യൻസിനെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തെന്ന വാർത്ത സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴി തെളിച്ചു.

ആർസിബിക്കെതിരായ മത്സരത്തിൽ പരിക്കിനെ തുടർന്ന് ഹാർദിക് കളിച്ചിരുന്നില്ല. അദ്ദേഹത്തിന് പകരം സൂര്യകുമാർ യാദവാണ് ടീമിനെ നയിച്ചത്. മത്സരശേഷം ഹാർദിക്കിന്റെ ഇൻസ്റ്റഗ്രാം ഫോളോയിങ് ലിസ്റ്റ് ആരാധകർ പരിശോധിക്കുകയായിരുന്നു. നേരത്തെ മുംബൈ ഇന്ത്യൻസ് ഉൾപ്പെടെ 151 അക്കൗണ്ടുകളെ ഫോളോ ചെയ്തിരുന്ന ഹാർദിക്കിന്റെ ലിസ്റ്റിൽ നിന്ന് മുംബൈയുടെ ഔദ്യോഗിക അക്കൗണ്ട് കാണാതായതോടെ സ്ക്രീൻഷോട്ടുകൾ വ്യാപകമായി പ്രചരിച്ചു.

ഇതോടെ ഹാർദിക് പാണ്ഡ്യ മുംബൈ ഇന്ത്യൻസ് വിടാനൊരുങ്ങുകയാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും ശക്തമായി.

എന്നാൽ വിവാദം കത്തുന്നതിനിടെ താരം മുംബൈ ഇന്ത്യൻസിനെ വീണ്ടും ഫോളോ ചെയ്തതായി ആരാധകർ കണ്ടെത്തി. ഇത് സാങ്കേതിക പ്രശ്നത്തെ തുടർന്നുണ്ടായതാണോ, അതോ മനഃപൂർവ്വം അൺഫോളോ ചെയ്തതാണോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല. സംഭവത്തിൽ ഹാർദിക് പാണ്ഡ്യയോ മുംബൈ ഇന്ത്യൻസ് മാനേജ്മെന്റോ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

മറുപടി രേഖപ്പെടുത്തുക