തനിക്കെതിരായ ആരോപണങ്ങൾ തിരുത്തി പറയണം; വി. ശിവൻകുട്ടിക്കെതിരെ ആര്യ രാജേന്ദ്രൻ

സി.പി.ഐ.എം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ തനിക്കെതിരെ ഉയർന്ന രൂക്ഷമായ പരാമർശങ്ങൾക്ക് പ്രതികരണവുമായി മുൻ മേയർ ആര്യ രാജേന്ദ്രൻ. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി തന്നെ വ്യക്തിപരമായി തേജോവധം ചെയ്യാൻ ശ്രമിച്ചുവെന്നും അദ്ദേഹത്തിന്റെ പരാമർശങ്ങൾ തികച്ചും തെറ്റാണെന്നും ആര്യ ആരോപിച്ചു.

യോഗത്തിൽ തനിക്കെതിരായ വിമർശനങ്ങൾ മാധ്യമങ്ങളിൽ വാർത്തയായ സാഹചര്യത്തിൽ, ശിവൻകുട്ടി തന്നെ അത് തിരുത്തി വിശദീകരിക്കണമെന്ന് ആര്യ രാജേന്ദ്രൻ ആവശ്യപ്പെട്ടു. മുതിർന്ന നേതാക്കൾ പാർട്ടിയിലെ പുതുതലമുറയോട് ഇത്തരത്തിൽ പെരുമാറേണ്ടതാണോയെന്ന് അവർ ചോദിച്ചു.

തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്തിയ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് ശിവൻകുട്ടി ആര്യ രാജേന്ദ്രനെതിരെ വിമർശനം ഉന്നയിച്ചതെന്നാണ് റിപ്പോർട്ട്. പ്രചാരണ വാഹനത്തിൽ ആര്യയെ പങ്കെടുപ്പിച്ചപ്പോൾ സ്ത്രീകൾക്കിടയിൽ നിന്ന് പ്രതിഷേധമുണ്ടായെന്നും, “കാറിത്തുപ്പുന്ന” രീതിയിലായിരുന്നു പ്രതികരണമെന്നുമാണ് അദ്ദേഹം യോഗത്തിൽ പറഞ്ഞത്.

ആര്യയുടെ സാന്നിധ്യം ചില ബൂത്തുകളിൽ വോട്ടുകൾ കുറയാൻ കാരണമായെന്നും, വലിയ ലീഡ് പ്രതീക്ഷിച്ച സ്ഥലങ്ങളിൽ പോലും വളരെ കുറഞ്ഞ ഭൂരിപക്ഷമാണ് ലഭിച്ചതെന്നും ശിവൻകുട്ടി ചൂണ്ടിക്കാട്ടിയതായും റിപ്പോർട്ടുകളുണ്ട്.

മറുപടി രേഖപ്പെടുത്തുക