നരേന്ദ്ര മോദി ജനങ്ങളുടെ പോക്കറ്റടിക്കുന്ന ‘വിലക്കയറ്റ മനുഷ്യൻ’ ; വിമർശനവുമായി രാഹുൽ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. നരേന്ദ്ര മോദി ജനങ്ങളുടെ പോക്കറ്റടിക്കുന്ന “വിലക്കയറ്റ മനുഷ്യൻ” ആണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു.

തിരഞ്ഞെടുപ്പ് സമയത്ത് വൻ വാഗ്ദാനങ്ങൾ നൽകുകയും പിന്നീട് ജനങ്ങളെ ബാധിക്കുന്ന രീതിയിൽ വിലവർധന നടപ്പാക്കുകയും ചെയ്യുന്നത് കേന്ദ്ര സർക്കാരിന്റെ പതിവായിത്തീർന്നുവെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. ജനങ്ങളുടെ ശ്രദ്ധയിൽപ്പെടാതെ ഇന്ധനവില ഘട്ടംഘട്ടമായി ഉയർത്തി “പോക്കറ്റടിക്കുന്ന” നടപടിയാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

രാജ്യത്തെ ഇന്ധനവില വർധനവിനെയാണ് പ്രധാനമായും രാഹുൽ ഗാന്ധി വിമർശിച്ചത്. തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ പെട്രോളിനും ഡീസലിനും ഏകദേശം എട്ട് രൂപയുടെ വർധനവുണ്ടായതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വിലവർധന ഇനിയും തുടരുമെന്ന ആശങ്കയും അദ്ദേഹം പ്രകടിപ്പിച്ചു.

രാജ്യത്ത് വലിയ സാമ്പത്തിക പ്രതിസന്ധി ഉയർന്നുവരുന്നുവെന്ന് താൻ മാസങ്ങളായി മുന്നറിയിപ്പ് നൽകുന്നുണ്ടെന്നും, എന്നാൽ സർക്കാർ അത് അവഗണിച്ചുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു. പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് തിരക്കുകളിലായിരുന്നുവെന്നും ജനങ്ങളുടെ പ്രശ്നങ്ങൾ അവഗണിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മറുപടി രേഖപ്പെടുത്തുക