ആരോഗ്യഗുണങ്ങൾ നിറഞ്ഞ ഭക്ഷ്യവസ്തുക്കളിൽ പ്രധാന സ്ഥാനമാണ് ചിയ സീഡുകൾക്കുള്ളത്. പ്രോട്ടീൻ, ഒമേഗ-3 ഫാറ്റി ആസിഡുകൾ, നാരുകൾ എന്നിവയുടെ സമൃദ്ധമായ ഉറവിടമായ ചിയ സീഡുകൾ ശരിയായ രീതിയിൽ കഴിച്ചാൽ കൂടുതൽ ഗുണം ലഭിക്കുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.
ചിയ സീഡുകൾ നേരിട്ട് കഴിക്കുന്നതിനേക്കാൾ വെള്ളത്തിൽ കുതിർത്ത് ഉപയോഗിക്കുന്നതാണ് ഉത്തമം. ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു ടേബിൾസ്പൂൺ ചിയ സീഡുകൾ ചേർത്ത് കുറഞ്ഞത് 15 മുതൽ 30 മിനിറ്റ് വരെ കുതിർക്കണം. കൂടുതൽ നല്ല ഫലം ലഭിക്കാൻ രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്ത് വെച്ച ശേഷം രാവിലെ കഴിക്കാവുന്നതാണ്.
വെള്ളത്തിൽ മാത്രം കഴിക്കാൻ താൽപര്യമില്ലാത്തവർക്ക് അൽപം നാരങ്ങാനീരോ തേനോ ചേർത്ത് ഉപയോഗിക്കാം. വെള്ളത്തിൽ കുതിർക്കുമ്പോൾ ചിയ സീഡുകളിലെ നാരുകൾ ജെൽ രൂപത്തിലാകുകയും ഇത് ദഹനപ്രക്രിയ കൂടുതൽ സുഗമമാക്കുകയും ചെയ്യുന്നു.
ശരീരത്തിലെ ചൂട് കുറയ്ക്കാൻ സഹായിക്കുന്ന ഗുണവും ചിയ സീഡുകൾക്കുണ്ട്. അതുകൊണ്ട് വേനൽക്കാലത്ത് ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഗുണകരമാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. കൂടാതെ, ഇതിലുള്ള ഒമേഗ-3 ഫാറ്റി ആസിഡുകൾ ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സ്വാഭാവിക തിളക്കം വർധിപ്പിക്കാനും സഹായിക്കും.
പോഷകസമൃദ്ധമായ ഈ ചെറിയ വിത്തുകൾ ദിനചര്യയുടെ ഭാഗമാക്കുന്നത് ആരോഗ്യ സംരക്ഷണത്തിന് മികച്ചൊരു ശീലമായിരിക്കുമെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു
