കാലാവധി അവസാനിച്ചിട്ടും എംഎൽഎ ഓഫീസിലെ ഔദ്യോഗിക ബോർഡ് മാറ്റിയില്ലെന്നാരോപിച്ച് മുൻ എംഎൽഎയും നടനുമായ എം മുകേഷിനെതിരെ യൂത്ത് കോൺഗ്രസ് പരാതി നൽകി. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിലാണ് നിയമലംഘനം ആരോപിച്ച് പരാതി സമർപ്പിച്ചത്.
കൊല്ലം ജില്ലാ കലക്ടർക്കും കൊല്ലം വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫീസർക്കുമാണ് പരാതി നൽകിയത്. ഔദ്യോഗിക പദവി അവസാനിച്ച ശേഷവും എംഎൽഎ ഓഫീസ് ബോർഡ് തുടരുന്നത് ചട്ടലംഘനമാണെന്നാണ് പരാതിയിലെ ആരോപണം.
സംഭവവുമായി ബന്ധപ്പെട്ട് വിഷ്ണു സുനിൽ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച ഫെയ്സ്ബുക്ക് പോസ്റ്റും ശ്രദ്ധ നേടുകയാണ്. മുകേഷ് അഭിനയിച്ച സിനിമയിലെ പ്രശസ്ത ഡയലോഗ് പരാമർശിച്ചുകൊണ്ട് “അന്തസ് വേണമെടാ അന്തസ്…” എന്ന കുറിപ്പോടെയാണ് അദ്ദേഹം പ്രതികരിച്ചത്.
പരാതിയും അതുമായി ബന്ധപ്പെട്ട സാമൂഹിക മാധ്യമ ചർച്ചകളും രാഷ്ട്രീയ വൃത്തങ്ങളിൽ ശ്രദ്ധ നേടുന്നതിനിടെ വിഷയത്തിൽ മുകേഷിന്റെ പ്രതികരണം ഇതുവരെ പുറത്തുവന്നിട്ടില്ല.
ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
കൊല്ലം നിയോജകമണ്ഡലത്തിൽ പുതിയ ജനപ്രതിനിധി വന്നിട്ടും പഴയ ബോർഡ് വെച്ച് മുകേഷ് ജനങ്ങളെ പറ്റിക്കുകയാണെന്ന് യൂത്ത് കോൺഗ്രസ് ആരോപിക്കുന്നു. വിഷ്ണു സുനിലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം :
കൊല്ലം നിയോജകമണ്ഡലം നിവാസികൾക്ക് അവർ വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിപ്പിച്ച ഒരു ഫുൾടൈം എംഎൽഎ ശ്രീമതി. ബിന്ദു കൃഷ്ണ അഡ്വ. ബിന്ദു കൃഷ്ണ ഉണ്ട്. മുൻ എം.എൽ.എ ആയിട്ടും ഇന്നും ഹാങ്ങോവർ വിടാൻ തയ്യാറാകാതെ എം.എൽ.എ എന്ന് എഴുതിയ ബോർഡ് മാറ്റാതെ മുൻ പാർടൈം എംഎൽഎ എം. മുകേഷ്; അന്തസ്സ് വേണമടൊ, അന്തസ്സ്……
ബിഎൻഎസ് പ്രകാരം ശിക്ഷാർഹമായ കുറ്റമായതിനാൽ ബഹുമാനപ്പെട്ട കൊല്ലം ജില്ലാ കളക്ടർക്കും കൊല്ലം വെസ്റ്റ് SHO ക്കും പരാതി നൽകി.
വിഷ്ണു സുനിൽ
