ഓണത്തിന് മുന്നോടിയായി പുതിയ യെസ്ഡി ബൈക്കുകൾ; ‘അൺടേംഡ് ട്രിനിറ്റി’ ശ്രേണി വിപണിയിൽ

ഉത്സവ സീസൺ ലക്ഷ്യമിട്ട് ജാവ-യെസ്ഡി മോട്ടോർസൈക്കിൾസ് 2026 മോഡൽ യെസ്ഡി ‘അൺടേംഡ് ട്രിനിറ്റി’ ശ്രേണി അവതരിപ്പിച്ചു. ഓണം വിപണി മുന്നിൽ കണ്ട് കേരളത്തിൽ നിന്നാണ് പുതിയ മോഡലുകളുടെ ലോഞ്ച് നടത്തിയത്. സംസ്ഥാനത്തുടനീളം 20 പുതിയ ടച്ച്‌പോയിന്റുകളും ആരംഭിച്ചതായി കമ്പനി അറിയിച്ചു.

പുതിയ ശ്രേണിയിൽ യെസ്ഡി അഡ്വഞ്ചർ, യെസ്ഡി റോഡ്‌സ്റ്റർ, യെസ്ഡി സ്‌ക്രാംബ്ലർ എന്നീ മോഡലുകൾ പുതുക്കിയ നിറങ്ങളും സാങ്കേതിക നവീകരണങ്ങളുമായാണ് എത്തുന്നത്. ദീർഘകാലമായി ആവശ്യപ്പെട്ടിരുന്ന ഫാക്ടറി ഫിറ്റഡ് ട്യൂബ്‌ലെസ് ക്രോസ്-സ്‌പോക്ക് വീലുകൾ ആദ്യമായി യെസ്ഡി അഡ്വഞ്ചറിൽ ഉൾപ്പെടുത്തിയതാണ് പ്രധാന ആകർഷണം.

‘യെല്ലോ ഫാൽക്കൺ’ നിറത്തിൽ എത്തുന്ന യെസ്ഡി അഡ്വഞ്ചറിൽ 334 സിസി ലിക്വിഡ്-കൂൾഡ് ആൽഫ2 എഞ്ചിനാണ് ഉപയോഗിച്ചിരിക്കുന്നത്. 29.6 എച്ച്പി പവറും 29.9 എൻഎം ടോർക്കും നൽകുന്ന ഈ മോഡലിൽ ട്രാക്ഷൻ കൺട്രോളും റോഡ്, റെയിൻ, ഓഫ്‌റോഡ് എന്നീ മൂന്ന് എബിഎസ് മോഡുകളും ലഭ്യമാണ്. റെഗുലർ സ്പോക്ക് വീൽ പതിപ്പിന് 2.12 ലക്ഷം രൂപയും ട്യൂബ്‌ലെസ് ക്രോസ്-സ്പോക്ക് വീലുകളുള്ള പതിപ്പിന് 2.32 ലക്ഷം രൂപയുമാണ് എക്‌സ്-ഷോറൂം വില.

പുതിയ മാറ്റ് ഗ്രീൻ നിറം, അറബിക്ക ബ്രൗൺ സീറ്റ്, കോപ്പർ ഡെക്കലുകൾ എന്നിവയോടെ ‘ഗ്രീൻ മാംബ’ പതിപ്പിൽ യെസ്ഡി റോഡ്‌സ്റ്ററും എത്തുന്നു. 334 സിസി ആൽഫ2 എഞ്ചിൻ, 6-സ്പീഡ് ഗിയർബോക്സ്, അസിസ്റ്റ്-സ്ലിപ്പർ ക്ലച്ച് എന്നിവയാണ് പ്രധാന സവിശേഷതകൾ. വില 2.05 ലക്ഷം രൂപ.

മെറ്റാലിക് ഗ്രേ നിറവും ബ്രൗൺ റിബ്ഡ് സീറ്റുമായി ‘ഗ്രേ പാന്തർ’ പതിപ്പിലാണ് യെസ്ഡി സ്‌ക്രാംബ്ലർ എത്തുന്നത്. 334 സിസി ലിക്വിഡ്-കൂൾഡ് എഞ്ചിൻ 30 എച്ച്പി പവറും 30 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുന്നു. ലിറ്ററിന് 30 കിലോമീറ്റർ വരെ മൈലേജ് ലഭിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. വില 2.05 ലക്ഷം രൂപയാണ്.

പുതിയ മോഡലുകൾക്കൊപ്പം നാല് വർഷമോ 50,000 കിലോമീറ്ററോ വരെ സ്റ്റാൻഡേർഡ് വാറന്റി കമ്പനി നൽകുന്നുണ്ട്. ഇത് ആറ് വർഷം വരെ നീട്ടാനും കഴിയും. ഒരു വർഷത്തെ സൗജന്യ റോഡ്‌സൈഡ് അസിസ്റ്റൻസും അഞ്ച് വർഷത്തെ വാർഷിക മെയിന്റനൻസ് പാക്കേജും ലഭ്യമാണ്. പുതിയ ശ്രേണിയുടെ ബുക്കിംഗ് രാജ്യവ്യാപകമായി ആരംഭിച്ചതായും കമ്പനി അറിയിച്ചു.

മറുപടി രേഖപ്പെടുത്തുക