സ്മാർട്ട്ഫോൺ വിപണിയിലേക്ക് മിവി; ആദ്യ ഫോൺ സെപ്റ്റംബറിൽ പുറത്തിറക്കാൻ നീക്കം

ഓഡിയോ ഉൽപ്പന്നങ്ങളും വെയറബിളുകളും വഴി ഇന്ത്യൻ വിപണിയിൽ ശ്രദ്ധേയമായ സാന്നിധ്യം നേടിയ മിവി സ്മാർട്ട്ഫോൺ രംഗത്തേക്ക് പ്രവേശിക്കുന്നു. 2026 സെപ്റ്റംബറിൽ കമ്പനിയുടെ ആദ്യ സ്മാർട്ട്ഫോൺ പുറത്തിറക്കാനുള്ള നീക്കത്തിലാണ് മിവിയെന്നാണ് റിപ്പോർട്ട്. ജനപ്രിയ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്കാർട്ടിൽ ഫോണുമായി ബന്ധപ്പെട്ട ടീസറും ഇതിനകം പ്രത്യക്ഷപ്പെട്ടു.

ഫ്ലിപ്കാർട്ടിൽ പ്രത്യക്ഷപ്പെട്ട ടീസർ സ്ഥിരീകരിച്ച് മിവി ഔദ്യോഗിക എക്‌സ് അക്കൗണ്ടിലും പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. പുതിയ സംരംഭത്തിന്റെ ഭാഗമായി പോക്കോ, നത്തിംഗ് തുടങ്ങിയ പ്രമുഖ സ്മാർട്ട്ഫോൺ കമ്പനികളിൽ പ്രവർത്തിച്ച പരിചയസമ്പന്നനായ ഹിമാൻഷു ടണ്ടനെ ചീഫ് ബിസിനസ് ഓഫീസറായി മിവി നിയമിച്ചു.

ചോർന്ന വിവരങ്ങൾ പ്രകാരം പരന്ന പിൻ പാനലും വൃത്താകൃതിയിലുള്ള അരികുകളുമുള്ള ഡിസൈനിലാണ് മിവിയുടെ ആദ്യ സ്മാർട്ട്ഫോൺ എത്തുക. പച്ച നിറത്തിലുള്ള വേരിയന്റും ഫോണിനുണ്ടാകുമെന്നാണ് സൂചന.

സ്മാർട്ട്ഫോൺ വിപണിയിൽ വില ഉയർന്നുവരുന്ന സാഹചര്യത്തിൽ ബജറ്റ് വിഭാഗത്തിൽ ഫോൺ അവതരിപ്പിച്ച് കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്തുകയാണ് മിവിയുടെ ലക്ഷ്യമെന്നാണ് സൂചന. മറ്റൊരു വെയറബിൾ ബ്രാൻഡായ ഫയർബോൾട്ടും ഓഗസ്റ്റ് 25ന് ‘ബോൾട്ട്’ എന്ന പേരിൽ സ്മാർട്ട്ഫോണുകൾ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

മൈക്രോമാക്സ്, കാർബൺ തുടങ്ങിയ ആഭ്യന്തര ബ്രാൻഡുകൾക്ക് പിന്നാലെ ലാവ പോലുള്ള കമ്പനികൾക്കൊപ്പം സ്മാർട്ട്ഫോൺ രംഗത്ത് മിവിയും പുതിയൊരു മത്സരാർഥിയായി എത്തുകയാണ്.

ഹൈദരാബാദ് ആസ്ഥാനമായ മിവി ‘മെയ്ഡ് ഇൻ ഇന്ത്യ’ സമീപനത്തിന്റെ ഭാഗമായി ഓഡിയോ ഉൽപ്പന്നങ്ങൾ നിർമിച്ചുവരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷമായ 2025ൽ 300 കോടിയിലധികം രൂപയുടെ വരുമാനമാണ് കമ്പനി നേടിയതെന്നാണ് റിപ്പോർട്ട്.

പുതിയ സ്മാർട്ട്ഫോണിന്റെ പേര്, പൂർണ സവിശേഷതകൾ, വില എന്നിവ കമ്പനി ഉടൻ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മറുപടി രേഖപ്പെടുത്തുക