ഇന്ത്യ-ഒമാൻ പ്രതിരോധ സഹകരണം ശക്തമാകുന്നു; എൻഡിസി സംഘം മസ്കത്തിൽ നിർണായക ചർച്ചകൾ നടത്തി

ഇന്ത്യയും ഒമാനും തമ്മിലുള്ള തന്ത്രപ്രധാന പ്രതിരോധ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി ദേശീയ പ്രതിരോധ കോളജിന്റെ (എൻഡിസി) ഉന്നതതല സംഘം ഒമാനിൽ ഔദ്യോഗിക സന്ദർശനം നടത്തി. എയർ വൈസ് മാർഷൽ മനീഷ് വസന്ത്കുമാർ പട്ടേലിന്റെ നേതൃത്വത്തിലുള്ള സംഘം ഓഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 3 വരെ മസ്കത്തിൽ വിവിധ കൂടിക്കാഴ്ചകളും ചർച്ചകളും നടത്തി.

പ്രതിരോധ പരിശീലനം, അക്കാദമിക് സഹകരണം, പ്രാദേശിക സുരക്ഷാ വിഷയങ്ങൾ എന്നിവ കേന്ദ്രീകരിച്ചായിരുന്നു ഒമാൻ പ്രതിരോധ നേതൃത്വവുമായി നടന്ന ചർച്ചകൾ. സുൽത്താന്റെ സായുധസേനയുടെ ചീഫ് ഓഫ് സ്റ്റാഫ് വൈസ് അഡ്മിറൽ അബ്ദുല്ല ബിൻ ഖമീസ് അൽ റഈസിയും ഒമാൻ നാഷണൽ ഡിഫൻസ് കോളജ് കമാൻഡന്റ് റിയർ അഡ്മിറൽ അലി അബ്ദുല്ല അൽ ഷിദിയും ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുമായി ഇന്ത്യൻ പ്രതിനിധികൾ കൂടിക്കാഴ്ച നടത്തി.

സന്ദർശനത്തിന്റെ ഭാഗമായി മജ്ലിസ് അദ്ദൗല, മജ്ലിസ് അശ്ശൂറ എന്നീ ഒമാൻ കൗൺസിൽ സ്ഥാപനങ്ങളും സംഘം സന്ദർശിച്ചു. കൂടാതെ, ഒമാൻ ഡിപ്ലോമാറ്റിക് അക്കാദമിയിലും പ്രത്യേക സാമ്പത്തിക മേഖലകളിലും സന്ദർശനം നടത്തി സാമ്പത്തിക-നയതന്ത്ര സഹകരണ സാധ്യതകളും വിലയിരുത്തി.

പ്രാദേശിക സമാധാനവും സ്ഥിരതയും ഉറപ്പാക്കുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ സന്ദർശനം വിലയിരുത്തപ്പെടുന്നത്. പ്രതിരോധം, സുരക്ഷ, നയതന്ത്രം, സാമ്പത്തിക മേഖലകൾ എന്നിവയിൽ ഇന്ത്യ-ഒമാൻ ബന്ധം കൂടുതൽ വിപുലപ്പെടുത്തുന്നതിനും ഈ കൂടിക്കാഴ്ചകൾ വഴിയൊരുക്കുമെന്ന് വിലയിരുത്തപ്പെടുന്നു.

മറുപടി രേഖപ്പെടുത്തുക