ഡോ. എം. ലീലാവതിയുടെ 99-ാം ജന്മദിനം; 99 സ്‌കൂളുകളിൽ ‘ലീലാ മധുരം’ പുസ്തകോത്സവത്തിന് തുടക്കം

എറണാകുളം: മലയാള സാഹിത്യലോകത്തെ പ്രമുഖ നിരൂപകയും എഴുത്തുകാരിയുമായ ഡോ. എം. ലീലാവതിയുടെ 99-ാം ജന്മദിനത്തോടനുബന്ധിച്ച് കൊച്ചി അന്താരാഷ്‌ട്ര സമിതി സംഘടിപ്പിക്കുന്ന ‘ലീലാ മധുരം’ പുസ്തകോത്സവത്തിന് തുടക്കമായി. എറണാകുളം ശ്രീ രുദ്രവിലാസം സ്‌കൂളിൽ നടന്ന ചടങ്ങോടെയാണ് 99 സ്‌കൂളുകളിൽ ഒരേസമയം നടക്കുന്ന പുസ്തകോത്സവ പരിപാടികൾക്ക് തുടക്കമായത്.

എറണാകുളം കരയോഗം ജനറൽ സെക്രട്ടറി പി. രാമചന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ 18 വർഷമായി ‘വായനമധുരം’ എന്ന പേരിൽ വിവിധ സ്‌കൂളുകളിൽ സംഘടിപ്പിച്ചുവരുന്ന കുട്ടികളുടെ പുസ്തകോത്സവമാണ് ഇത്തവണ മലയാളത്തിന്റെ തറവാട്ടമ്മ എന്നറിയപ്പെടുന്ന ഡോ. എം. ലീലാവതിയുടെ 99-ാം ജന്മദിനത്തോടനുബന്ധിച്ച് ‘ലീലാ മധുരം’ എന്ന പേരിൽ സംഘടിപ്പിച്ചത്.

പുസ്തകോത്സവത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ തങ്ങളുടെ കൈവശമുള്ള പുസ്തകങ്ങൾ സ്‌കൂളിൽ എത്തിച്ച് പ്രദർശിപ്പിച്ചു. കുട്ടികളിൽ വായനാശീലം വളർത്തുക, പുസ്തകങ്ങളോടുള്ള താൽപര്യം വർധിപ്പിക്കുക, വായനയുടെ സംസ്കാരം പ്രോത്സാഹിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.

സ്‌കൂൾ മാനേജർ സരള ടീച്ചർ അധ്യക്ഷത വഹിച്ചു. ശ്രീരഞ്ജിനി ആർ. സ്വാഗതം പറഞ്ഞു. സി.ഐ.സി.സി. പ്രസാധകൻ ജയചന്ദ്രൻ, മുൻ ഹെഡ്മിസ്ട്രസ് സിന്ധു, കെ. ജനാർദ്ദനൻ, സി.ജി. രാജഗോപാൽ മുത്തു എന്നിവർ ആശംസകൾ നേർന്നു. ആര്യമോൾ ടീച്ചർ നന്ദി രേഖപ്പെടുത്തി.

മറുപടി രേഖപ്പെടുത്തുക