സർക്കാർ ചെലവിലല്ല താൻ വിദേശയാത്ര നടത്തിയതെന്ന് കായികമന്ത്രി ഒ.ജെ. ജനീഷ്. പ്രതിപക്ഷ നേതാക്കൾ വിദേശയാത്ര നടത്തിയ രീതിയിലല്ല താൻ പോയതെന്നും തന്റെ യാത്ര സ്വകാര്യ ആവശ്യത്തിനായിരുന്നെന്നും മന്ത്രി വ്യക്തമാക്കി. യാത്രകൾ വിവാദമാക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിമാർക്ക് സ്വകാര്യ നിമിഷങ്ങൾ പാടില്ലേയെന്നും ഇത് ഏത് കാലമാണെന്നും ഒ.ജെ. ജനീഷ് ചോദിച്ചു. തന്റെ പ്രായം 37 വയസാണെന്നും “തന്ത വൈബ്” പിടിച്ച് ജീവിക്കാൻ താൻ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി പ്രതികരിച്ചു.
ഒ.ജെ. ജനീഷ് കുടുംബസമേതമാണ് ഒമാൻ സന്ദർശിച്ചത്. ഇതിനിടെ മന്ത്രിമാരായ രമേശ് ചെന്നിത്തല, പി.സി. വിഷ്ണുനാഥ്, ഒ.ജെ. ജനീഷ്, കെ.എം. ഷാജി എന്നിവരുടെ വിദേശയാത്രകളും ചർച്ചയായിട്ടുണ്ട്. രമേശ് ചെന്നിത്തല കുടുംബസമേതം അമേരിക്കയിലേക്ക് സ്വകാര്യ സന്ദർശനം നടത്തിയപ്പോൾ പി.സി. വിഷ്ണുനാഥിന്റെ യുഎഇ യാത്ര ഔദ്യോഗിക ആവശ്യത്തിനായിരുന്നുവെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. കെ.എം. ഷാജിയും കുടുംബവും യൂറോപ്യൻ പര്യടനം ആരംഭിച്ചിട്ടുണ്ട്.
