യുപിഐ ഡിജിറ്റൽ പേയ്മെന്റുകൾക്ക് മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (എംഡിആർ) ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ആശങ്കകൾ തള്ളി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. എംഡിആർ ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുന്ന നിരക്കല്ലെന്നും സാധാരണ ഉപഭോക്താക്കളുടെ പോക്കറ്റിൽ അധിക ബാധ്യത ഉണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി.
2,000 രൂപയ്ക്ക് മുകളിലുള്ള ചില ഡിജിറ്റൽ ഇടപാടുകൾക്ക് എംഡിആർ ബാധകമാകാമെങ്കിലും ഇത് വ്യാപാരികൾക്കാണ് ബാധകമാകുകയെന്ന് ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കവെ നിർമല സീതാരാമൻ പറഞ്ഞു. എംഡിആർ കേന്ദ്ര സർക്കാർ പിരിക്കുന്ന നികുതിയോ സെസ്സോ സർചാർജോ അല്ലെന്നും തുക സർക്കാർ ഖജനാവിലേക്ക് പോകില്ലെന്നും അവർ വ്യക്തമാക്കി.
ബാങ്കുകൾ, പേയ്മെന്റ് ഗേറ്റ്വേകൾ, പേയ്മെന്റ് സേവന ദാതാക്കൾ തുടങ്ങിയ ഡിജിറ്റൽ പേയ്മെന്റ് സംവിധാനത്തിലെ സ്ഥാപനങ്ങളുടെ പ്രവർത്തനച്ചെലവുകൾക്കാണ് ഈ തുക ഉപയോഗിക്കുന്നതെന്ന് മന്ത്രി വിശദീകരിച്ചു. ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഇടപാടുകളിൽ വ്യാപാരികൾ ഇത്തരം ഫീസ് വഹിക്കുന്നുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.
യുപിഐ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് സേവനം പതിവുപോലെ സൗജന്യമായി ലഭിക്കുമെന്നും എംഡിആറുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകളിൽ വീഴരുതെന്നും നിർമല സീതാരാമൻ പറഞ്ഞു.
