മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ഗ്യാനേഷ് കുമാറിനെതിരെ കടുത്ത ആരോപണങ്ങളാണ് വേണുഗോപാൽ ഉന്നയിച്ചത്. കേരള കേഡർ ഉദ്യോഗസ്ഥനായിരുന്ന ഗ്യാനേഷ് കുമാർ ഇപ്പോൾ രാജ്യത്തെ തെരഞ്ഞെടുപ്പ് സംവിധാനത്തിന്റെ തലപ്പത്ത് എത്തിയിരിക്കുന്നത് നാണക്കേടാണെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷനിലെ രണ്ട് സഹകമ്മീഷണർമാർ ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള തീരുമാനങ്ങളിൽ പലതവണ എതിർപ്പ് രേഖപ്പെടുത്തിയെന്ന റിപ്പോർട്ടുകൾ ഗൗരവമുള്ളതാണെന്നും വേണുഗോപാൽ പറഞ്ഞു. കഴിഞ്ഞ പത്ത് മാസത്തിനിടെ തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്ബീർ സിങ് സന്ധുവും വിവേക് ജോഷിയും വിവിധ തീരുമാനങ്ങളിൽ കുറഞ്ഞത് 14 തവണ എതിർപ്പ് രേഖപ്പെടുത്തിയതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഗ്യാനേഷ് കുമാറിന്റെ ഇടപെടലിനെതിരെയും വേണുഗോപാൽ വിമർശനം ഉന്നയിച്ചു. അടിസ്ഥാന ജനാധിപത്യം സംരക്ഷിക്കേണ്ട സാഹചര്യത്തിൽ നീതിക്ക് മുന്നിൽ ഉത്തരവാദികൾക്ക് കീഴടങ്ങേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ തെരുവിലിറങ്ങി പ്രതിഷേധിക്കുമെന്നും ഇന്ത്യ മുന്നണിയുമായും മറ്റ് പ്രതിപക്ഷ കക്ഷികളുമായും ചേർന്ന് മുന്നോട്ടുപോകുമെന്നും വേണുഗോപാൽ വ്യക്തമാക്കി.
അതേസമയം, തെരഞ്ഞെടുപ്പ് കമ്മീഷനിലെ അഭിപ്രായവ്യത്യാസങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകളിൽ കമ്മീഷൻ വിശദീകരണം നൽകിയിട്ടുണ്ട്. അംഗങ്ങൾക്കിടയിലെ വ്യത്യസ്ത അഭിപ്രായങ്ങളും നിരീക്ഷണങ്ങളും ബഹുഅംഗ ഭരണഘടനാ സ്ഥാപനത്തിലെ സാധാരണ ആന്തരിക പരിശോധനാ പ്രക്രിയയുടെ ഭാഗമാണെന്നും അന്തിമ തീരുമാനങ്ങൾ മുഴുവൻ കമ്മീഷനും ഏകകണ്ഠമായാണ് എടുത്തതെന്നും കമ്മീഷൻ വ്യക്തമാക്കി.
ഇതിനിടെ, ഗ്യാനേഷ് കുമാറിന് പത്മ പുരസ്കാരം നൽകണമെന്ന പശ്ചിമ ബംഗാൾ ബിജെപി നേതാക്കളുടെ നിലപാടിനെതിരെ മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും രംഗത്തെത്തി. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കുഞ്ഞാലിക്കുട്ടി ആരോപിച്ചു. വിഷയത്തിൽ ഇന്ത്യ മുന്നണി ഉടൻ യോഗം ചേരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, തെരഞ്ഞെടുപ്പ് കമ്മീഷനിലെ അഭിപ്രായവ്യത്യാസം സ്ഥാപനത്തിന്റെ വീഴ്ചയായി കാണേണ്ടതില്ലെന്നും വ്യത്യസ്ത അഭിപ്രായങ്ങൾ ജനാധിപത്യ പ്രക്രിയയുടെ ഭാഗമാണെന്നുമുള്ള നിലപാടാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ആവർത്തിച്ചത്.
