ഏത് സ്വകാര്യ വാഹനവും ഔദ്യോഗിക ആവശ്യത്തിന് ഉപയോഗിക്കാമെന്ന മന്ത്രിയുടെ വാദം അജ്ഞത; അത് ശിക്ഷയിൽ നിന്ന് രക്ഷപ്പെടാനുള്ള ന്യായീകരണമാകില്ല: പി. രാജീവ്

മന്ത്രിക്ക് ഏത് വാഹനത്തിലും സ്റ്റേറ്റ് ബോർഡ് വെച്ച് സഞ്ചരിക്കാമെന്നും അതിന് പ്രത്യേക അനുമതിയൊന്നും ആവശ്യമില്ലെന്നുമുള്ള മന്ത്രി കെ.എം. ഷാജിയുടെ വാദത്തിനെതിരെ രൂക്ഷ വിമർശനവുമായി മുൻമന്ത്രി പി. രാജീവ്. മന്ത്രിമാർക്ക് അനുവദിച്ചിട്ടുള്ള വാഹനത്തിൽ മാത്രമേ സ്റ്റേറ്റ് ബോർഡ് ഉപയോഗിക്കാൻ പാടുള്ളൂവെന്നും ചട്ടം ഇക്കാര്യത്തിൽ വ്യക്തമായിരിക്കുകയാണെന്നും പി. രാജീവ് മാധ്യമങ്ങളോട് പറഞ്ഞു.

ഏത് സ്വകാര്യ വാഹനവും ഔദ്യോഗിക ആവശ്യത്തിന് ഉപയോഗിക്കാമെന്ന മന്ത്രിയുടെ വാദം അജ്ഞത മാത്രമാണെന്നും നിയമത്തിന് മുന്നിൽ അത് ശിക്ഷയിൽ നിന്ന് രക്ഷപ്പെടാനുള്ള ന്യായീകരണമാകില്ലെന്നും രാജീവ് വ്യക്തമാക്കി.

പൊതുമേഖലാ സ്ഥാപനത്തിന്റെ വാഹനത്തിൽ സ്റ്റേറ്റ് ബോർഡ് സ്ഥാപിച്ച സംഭവത്തിൽ ഹൈക്കോടതി ഇടപെട്ട് വാഹനം കസ്റ്റഡിയിലെടുക്കാൻ നിർദ്ദേശിച്ച സംഭവവും അദ്ദേഹം ചൂണ്ടിക്കാട്ടി. ശബരിമലയിലെ പാർക്കിംഗ്, സർക്കാർ ബോർഡ് ദുരുപയോഗം എന്നിവയുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ എടുത്ത കേസിന്റെ പരിധിയിലായിരുന്നു അന്ന് ഉത്തരവ് പുറപ്പെടുവിച്ചതെന്നും രാജീവ് പറഞ്ഞു.

ഹൈക്കോടതി വിധിയിലെ 21, 22, 23 ഖണ്ഡികകൾ പരിശോധിച്ചാൽ സ്റ്റേറ്റ് ബോർഡ് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട ചട്ടങ്ങളിൽ വ്യക്തത ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്റ്റേറ്റ് ബോർഡ് ഉപയോഗിക്കാൻ അവകാശമുള്ള വ്യക്തികൾക്ക് ഔദ്യോഗികമായി അനുവദിച്ചിട്ടുള്ള നിശ്ചിത വാഹനങ്ങളിൽ മാത്രമേ അത് ഘടിപ്പിക്കാൻ അനുമതിയുള്ളൂവെന്നും പി. രാജീവ് വ്യക്തമാക്കി.

മറുപടി രേഖപ്പെടുത്തുക