കണ്ണൂർ വിമാനത്താവളത്തെ ഏവിയേഷൻ ഹബ്ബാക്കും; ഒരു വർഷത്തിനകം വികസന പദ്ധതികൾ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സമഗ്ര വികസനത്തിനായി ഒരു വർഷത്തിനകം വൻ പദ്ധതികൾ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രഖ്യാപിച്ചു. സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് കരുത്തേകുന്ന തരത്തിൽ കണ്ണൂർ ഉൾപ്പെടെയുള്ള വിമാനത്താവളങ്ങളെ പ്രധാന ഏവിയേഷൻ ഹബ്ബുകളാക്കി മാറ്റുകയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കണ്ണൂർ വിമാനത്താവളത്തിൽ പുതുതായി സജ്ജമാക്കിയ അന്താരാഷ്ട്ര എയർ കാർഗോ കോംപ്ലക്സിന്റെയും നാല് മെഗാവാട്ട് സൗരോർജ പദ്ധതിയുടെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വിമാനത്താവളത്തിന് ‘പോയിന്റ് ഓഫ് കോൾ’ പദവി ലഭിക്കാത്തത് കൂടുതൽ അന്താരാഷ്ട്ര സർവീസുകൾ ആരംഭിക്കുന്നതിന് തടസമാണെന്നും ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരുമായി ചേർന്ന് അടിയന്തര ഇടപെടൽ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തെ പ്രമുഖ വിമാനക്കമ്പനികൾ വലിയ തോതിൽ പുതിയ വിമാനങ്ങൾ ഓർഡർ ചെയ്ത സാഹചര്യത്തിൽ ഭാവിയിൽ പൈലറ്റുമാരുടെ ആവശ്യകത വർധിക്കുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇതിന്റെ ഭാഗമായി കണ്ണൂരിൽ അത്യാധുനിക പൈലറ്റ് പരിശീലന കേന്ദ്രം, ഹെലികോപ്റ്റർ പൈലറ്റ് ട്രെയിനിംഗ് സെന്റർ, എയർക്രാഫ്റ്റ് മെയിന്റനൻസ് (എംആർഒ) സൗകര്യം, സിമുലേറ്റർ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയ പദ്ധതികൾ ആരംഭിക്കുന്നത് പരിഗണനയിലാണെന്ന് അദ്ദേഹം അറിയിച്ചു.

സംസ്ഥാനത്തെ വിമാനത്താവള വികസന രംഗത്തെ അനുഭവസമ്പത്ത് പ്രയോജനപ്പെടുത്തുന്നതിനായി കൊച്ചി വിമാനത്താവളത്തിന്റെ നേതൃത്വത്തിൽ കൺസൾട്ടൻസി സേവനങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സോളാർ വൈദ്യുതി സംഭരണത്തിനായി പൊതുവായ ബാറ്ററി സ്റ്റോറേജ് സംവിധാനം ഒരുക്കുന്നതും സർക്കാർ പരിഗണിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കണ്ണൂർ നഗരത്തെയും വിമാനത്താവളത്തെയും ബന്ധിപ്പിക്കുന്ന പ്രധാന റോഡ് പദ്ധതികളുടെ നിർമാണം വേഗത്തിലാക്കുമെന്നും രണ്ടാം റൺവേ വികസനവുമായി ബന്ധപ്പെട്ട ഭൂമിയുടെ ആവശ്യകത വിശദമായി പരിശോധിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഭൂമിയേറ്റെടുപ്പുമായി ബന്ധപ്പെട്ട് ആശങ്കയിലുള്ള പ്രദേശവാസികളുടെ പ്രശ്നങ്ങൾക്ക് രണ്ട് മാസത്തിനകം പരിഹാരം കാണുമെന്നും അദ്ദേഹം ഉറപ്പുനൽകി.

ചടങ്ങിൽ വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് അധ്യക്ഷത വഹിച്ചു. വിവിധ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.

മറുപടി രേഖപ്പെടുത്തുക