സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ മരുന്നുക്ഷാമം പുറത്തറിയാതിരിക്കാൻ സർക്കാർ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. പ്രശ്നം മറച്ചുവെക്കുന്നതിന് പകരം ആശുപത്രികളിൽ അടിയന്തരമായി മരുന്നെത്തിക്കാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മരുന്നുക്ഷാമത്തെ തുടർന്ന് ആശുപത്രികളിൽ പ്രതിസന്ധി രൂക്ഷമാണെന്ന ആരോഗ്യവകുപ്പ് ഡയറക്ടറുടെ ഓഡിയോ സന്ദേശം പുറത്തുവന്നതിന് പിന്നാലെയാണ് പ്രതികരണം.
സർക്കാർ ആശുപത്രികളിലെ മരുന്നുക്ഷാമത്തെക്കുറിച്ച് പ്രതിപക്ഷം ഉന്നയിച്ച കാര്യങ്ങൾ ശരിവെക്കുന്നതാണ് ആരോഗ്യവകുപ്പ് ഡയറക്ടറുടെ ശബ്ദസന്ദേശമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. മെഡിക്കൽ സർവീസസ് കോർപ്പറേഷൻ വഴി സമയബന്ധിതമായി മരുന്ന് സംഭരിച്ച് വിതരണം ചെയ്യുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നതിന്റെ ഔദ്യോഗിക തെളിവാണ് ഇതെന്നും അദ്ദേഹം ആരോപിച്ചു.
ഡിഎംഒമാരും ഡിപിഎംമാരും ഉൾപ്പെടുന്ന ഔദ്യോഗിക ഗ്രൂപ്പിൽ ആരോഗ്യവകുപ്പ് ഡയറക്ടർ നൽകിയ നിർദേശത്തിൽ ആശുപത്രികളിലെ മരുന്നുപ്രതിസന്ധി വ്യക്തമാകുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി ഫണ്ടിൽ പണമുണ്ടെങ്കിൽ അത് ഉപയോഗിച്ച് പ്രാദേശികമായി അടിയന്തരമായി മരുന്ന് വാങ്ങണമെന്നും അല്ലാത്തപക്ഷം വലിയ പ്രശ്നമുണ്ടാകുമെന്നും ഡയറക്ടർ മുന്നറിയിപ്പ് നൽകിയതായി അദ്ദേഹം പറഞ്ഞു.
ആവശ്യമായ മരുന്നുകൾ ആശുപത്രികളിൽ ലഭ്യമല്ലെന്ന പരാതി ചികിത്സ തേടിയെത്തുന്നവർ നേരത്തെ ഉന്നയിച്ചിരുന്നുവെന്നും മാധ്യമങ്ങളും ഇക്കാര്യം റിപ്പോർട്ട് ചെയ്തിരുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. എന്നാൽ, ആരോഗ്യവകുപ്പ് പ്രതിസന്ധി നിഷേധിക്കുകയാണെന്നും അടിയന്തരമായി മരുന്നെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുന്നതിന് പകരം പ്രശ്നം മറച്ചുവെക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.
ആശുപത്രി സൂപ്രണ്ടുമാർ മാധ്യമങ്ങളോട് സംസാരിക്കരുതെന്ന നിർദേശം നൽകിയതും പ്രതിസന്ധി പുറത്തുവരുന്നത് തടയാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം. സർക്കാർ അടിയന്തരമായി ഇടപെട്ട് ആശുപത്രികളിൽ മരുന്നിന്റെ ലഭ്യത ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
